ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കൾ നീക്കം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരൾ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി കരൾ രോഗങ്ങൾ വരാമെങ്കിലും അനാരോഗ്യകരമായ ജീവിതശൈലി കരളിന്‍റെ പ്രവർത്തനം തകരാറിലാക്കാൻ കാരണമാകും. കരളിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ എന്തൊക്കെയന്ന് നോക്കാം.
മദ്യപാനം
കരളിനെ തകരാറിലാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അമിതമായ മദ്യപാനം. ഫാറ്റി ലിവർ, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ അർബുദം എന്നിവയിലേക്ക് നയിക്കാൻ ഇത് കാരണമാകും. അമിത മദ്യപാനം മൂലം ലോകമെമ്പാടുമുള്ള 3 ദശലക്ഷം ആളുകൾക്കാണ് ജീവൻ നഷ്‌ടമായതെന്ന് 2015 ൽ ദി ലാൻസെറ്റിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
അമിതവണ്ണം
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ കരളിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. പഞ്ചസാര, ട്രാൻസ് ഫാറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ കാൻസർ എന്നീ രോഗങ്ങളിലേക്ക് നയിക്കും.
മരുന്നുകളുടെ അമിത ഉപയോഗം
അസറ്റാമിനോഫെൻ, നോൺ സ്റ്റിറോയിഡൽ ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ തുടങ്ങിയ വേദന സംഹാരികളുടെ അമിത ഉപയോഗം ലിവറിന്‍റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. അസെറ്റാമിനോഫെനിന്‍റെ ഉപയോഗം കരളിന്‍റെ പരാജയത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണെന്ന് 2014-ൽ ദി ജേർണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്‌ട്രോഎൻറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.
വ്യായാമത്തിന്‍റെ അഭാവം
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും ഫാറ്റി ലിവറിന്‍റെ സാധ്യത വർധിപ്പിക്കുന്നവയാണ്. ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായതോ അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായതോ ആയ വ്യായാമത്തിൽ ഏർപ്പെടണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും ഗുണം ചെയ്യും.
പുകവലി
കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് പുകവലി. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ രോഗം തുടങ്ങീ കരൾ രോഗങ്ങളുള്ള ആളുകൾ പുകവലിക്കുമ്പോൾ കരളിന്‍റെ ആരോഗ്യം കൂടുതൽ മോശമാകും. കരൾ ഫൈബ്രോസിസ് വർദ്ധിപ്പിക്കുകയും, സിറോസിസ്, കരൾ അർബുദം എന്നിവയുടെ സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി.
ഉയർന്ന പഞ്ചസാര ഉപഭോഗം
പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ അമിത ഉപയോഗം കരളിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനം വെളിപ്പെടുത്തി. അമിത അളവിൽ പഞ്ചസാര ശരീരത്തിൽ എത്തുമ്പോൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാനും കാരണമാകും.
Also Read : ഈ പാനീയങ്ങൾ കുടിക്കാറിണ്ടോ ? എങ്കിൽ കരളിന്‍റെ കാര്യം പോക്കാ