ജീവിതശൈലി രോഗമായ പ്രമേഹം ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. മറ്റ് ജീവിതശൈലി രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. അതിനാൽ പ്രമേഹം പിടിപെടാതെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹമുള്ള ഒരാൾ രക്തത്തിലെ പഞ്ചരായുടെ അളവ് നിയന്ത്രിക്കാതിരുന്നാൽ വൃക്ക, ഹൃദയം എന്നിവയുൾപ്പെടെയുള്ള വിവിധ അവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്തേക്കാം. അതിനാൽ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില വിത്തുകൾ നിങ്ങളെ സഹായിക്കും. പ്രമേഹ രോഗികൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിത്തുകൾ ഇനി പറയുന്നവയാണ്.
ചിയ സീഡ്‌സ്
ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചിയ സീഡ്‌സ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗികളിലും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ചിയ വിത്തുകൾ ഗുണം ചെയ്യുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
ഫ്ലാക്‌സ് സീഡുകൾ
ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നൻസ്, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഫ്ലാക്‌സ് സീഡ്. ഇതിലെ ലയിക്കുന്ന നാരുകൾ കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്താൻ ഫലം ചെയ്യും. കൂടാതെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഫ്ലാക്‌സ് സീഡ് ഫലപ്രദമാണെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരും ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് നല്ലതാണ്.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തിൽ മഗ്നീഷ്യം, ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ, പ്രോട്ടീൻ, സിങ്ക്, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയും ഇവയിൽ ധാരാളമുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മത്തങ്ങ വിത്തുകൾ സഹായിക്കും. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താനും ഇത് ഫലം ചെയ്യും.
സൂര്യകാന്തി വിത്തുകൾ
പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ തുടങ്ങിയവയുടെ കലവറയാണ് സൂര്യകാന്തി വിത്തുകൾ. കൂടാതെ മഗ്നീഷ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ സഹായിക്കും. കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കാനും ഇത് ഗുണകരമാണ്.
എള്ള്
എള്ളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും എള്ള് പ്രധാന പങ്ക് വഹിക്കുന്നു. ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാനും എള്ള് പതിവായി കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ