ന്യൂഡല്‍ഹി: ഉയര്‍ന്ന അളവിലുള്ള ഉപ്പിന്‍റെ ഉപഭോഗം രക്താതിസമ്മര്‍ദ്ദത്തിലേക്കും ഇതുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍ക്കും ഹൃദ്രോഗത്തിനും പുറമെ വയറ്റിലെ അര്‍ബുദത്തിനും കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ (ഐസിഎംആര്‍) മുന്നറിയിപ്പ്. നിത്യവും അഞ്ച് ഗ്രാമില്‍ കൂടുതല്‍ അയഡിന്‍ ചേര്‍ത്ത ഉപ്പ് കഴിക്കരുതെന്നും, ഉപ്പ് കുറച്ച് ഉപയോഗിക്കുന്ന ഭക്ഷണം ശീലമാക്കാനും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങളായ സോസുകള്‍, കെച്ചപ്പുകള്‍, ബിസ്‌ക്കറ്റ്, ഉപ്പേരികള്‍, നെയ്യ്, ഉപ്പിട്ട മത്സ്യം തുടങ്ങിയവയുടെ ഉപഭോഗം നിയന്ത്രിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാനും നിര്‍ദ്ദേശമുണ്ട്. ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് സോഡിയം നീക്കം ചെയ്യാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദം ശരിയായി പരിരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും ഐസിഎംആറും ദേശീയ പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് പുറത്തിറക്കിയ ഭക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ സ്ഥാപക ചെയര്‍മാന്‍ ഡോ. ശ്രീജിത് എന്‍ കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. അമിതമായ ഉപ്പ് ഉപഭോഗം അമിത രക്ത സമ്മര്‍ദ്ദത്തിലേക്കും ഇതിലൂടെ പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഡിയത്തിന്‍റെയും പൊട്ടാസ്യത്തിന്‍റെയും ഉറവിടങ്ങള്‍
നിത്യവും കഴിക്കുന്ന സാധാരണ ഭക്ഷണത്തില്‍ മുന്നൂറ് മുതല്‍ നാനൂറ് ഗ്രാം വരെ സോഡിയം അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍, പാല്‍, കടല്‍ മത്സ്യങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മാംസം എന്നിവയില്‍ ധാരാളമായി ഉപ്പ് അടങ്ങിയിരിക്കുന്നു. പയറുകള്‍, പഴങ്ങള്‍, ഉണക്കപ്പഴങ്ങള്‍, തേങ്ങാവെള്ളം എന്നിവയില്‍ ധാരാളമായി പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. അതായത് ശരാശരി ഇന്ത്യന്‍ ഭക്ഷണത്തില്‍ മൂന്ന് ഗ്രാം മുതല്‍ പത്ത് ഗ്രാം വരെ ഉപ്പ് അടങ്ങിയിരിക്കുന്നു. രാജ്യത്തെ 45 ശതമാനം ജനങ്ങളും അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് നിത്യവും ഉപയോഗിക്കുന്നു.
രുചിക്ക് വേണ്ടി ഉപ്പ് ഉപയോഗിക്കുമായിരുന്നെങ്കിലും മുമ്പ് ഇതിന്‍റെ ഉപയോഗിത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് ഗ്രാമില്‍ താഴെ ഉപ്പ് ഉപയോഗത്തിലൂടെ ശരിയായ സന്തുലനം നിലനിര്‍ത്താനാകും. മൂത്രത്തിലൂടെയും മലത്തിലൂടെയും വിയര്‍പ്പിലൂടെയും നഷ്‌ടമാകുന്ന സോഡിയത്തിന് അനുസരിച്ച് നമ്മുടെ ശരീരത്തിന് ഇത് പ്രദാനം ചെയ്യുകയും വേണം. വിയര്‍പ്പിലൂടെയുള്ള സോഡിയം നഷ്‌ടം കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഉഷ്‌ണകാലാവസ്ഥയും കായികാദ്ധ്വാനവും വിയര്‍പ്പിലൂടെ ധാരാളം സോഡിയം നഷ്‌ടപ്പെടുത്തുന്നുവെന്ന് ഐസിഎംആര്‍-എന്‍ഐഎന്‍ ചൂണ്ടിക്കാട്ടുന്നു.
സോഡിയവും പൊട്ടാസ്യവും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
മികച്ച ആരോഗ്യത്തിന് സോഡിയവും പൊട്ടാസ്യവും അടങ്ങിയ സന്തുലിത ഭക്ഷണക്രമം ശീലിക്കേണ്ടതുണ്ട്. പൊട്ടാസ്യം ഉപഭോഗം കുറഞ്ഞാല്‍ സ്വഭാവികമായും സോഡിയം ഉപയോഗം വര്‍ദ്ധിക്കും. ഇത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതത്തില്‍ വര്‍ദ്ധനയുണ്ടാകും.
ഇപ്പോള്‍ ഇന്ത്യയും ലോകാരോഗ്യ സംഘടനയും നിഷ്കര്‍ഷിക്കുന്ന ഉപ്പിന്‍റെ ഉപഭോഗം നിത്യവും അഞ്ച് ഗ്രാം എന്ന കണക്കാണ്. 3800 മില്ലിഗ്രാം പൊട്ടാസ്യമാണ് നിത്യവും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത്. നാനൂറ് ഗ്രാം പച്ചക്കറികളും നൂറ് ഗ്രാം പഴങ്ങളും നിത്യവും കഴിച്ചാല്‍ ഇത് ലഭ്യമാകും. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമെ നട്സുകളും പൊട്ടാസ്യത്തിന്‍റെ നല്ല ഉറവിടങ്ങളാണ്.
സോഡിയം, പൊട്ടാസ്യം ഉപഭോഗം അമിതമായാല്‍ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍
അമിതമായ ഉപ്പ് ഉപഭോഗം രക്തക്കുഴലുകളിലെ സമ്മര്‍ദ്ദത്തിനും രക്തസമ്മര്‍ദ്ദത്തിനും എല്ലുകളിലെ പ്രശ്‌നങ്ങള്‍ക്കും അന്നനാളത്തിലെ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. നിത്യവും മൂന്ന് ഗ്രാമില്‍ താഴെ ഉപ്പ് കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കാണപ്പെടുന്നില്ല. ഉപ്പിന്‍റെ ഉപഭോഗം മൂത്രത്തിലെ സോഡിയത്തിന്‍റെ അളവിലൂടെ തിരിച്ചറിയാനാകും. ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കാനാകും. പൊട്ടാസ്യം ധാരാളമടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ ഉപഭോഗത്തിലൂടെയും രക്തസമ്മര്‍ദ്ദത്തെ ചെറുക്കാം. അമിതമായ ഉപ്പ് ഉപഭോഗം വയറിലെ പ്രശ്‌നങ്ങള്‍ക്കും ഇത് ശരീരം മെലിയാനും വയറ്റിലെ അര്‍ബുദത്തിനുമടക്കം കാരണമാകും. സോഡിയം അമിതമായി ഉപയോഗിക്കുന്നതിലൂടെ കാല്‍സ്യം അടിഞ്ഞ് കൂടാനും കാരണമാകുന്നു. ഇത് എല്ലുകള്‍ ദുര്‍ബലമാക്കും.
ഏതാണ് മികച്ച ഉപ്പ്
ഉപ്പ് രണ്ട് തരത്തില്‍ ലഭ്യമാണ്. ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതും. പിങ്ക് , കറുത്ത നിറങ്ങളിലുള്ള ഉപ്പ് ലഭ്യമാണ്. പിങ്ക് നിറത്തിലുള്ള ഉപ്പാണ് ഏറ്റവും നല്ലത്. കറുത്ത ഉപ്പ് കൂടുതല്‍ കാലം സൂക്ഷിച്ചാല്‍ കൂടുതല്‍ കറുക്കും. എന്നാല്‍ ഏത് തരം ഉപ്പായാലും അവയുടെ ഉപഭോഗം കുറയ്ക്കുന്നത് തന്നെയാകും ആരോഗ്യത്തിന് നല്ലതെന്ന് വിദ്ഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Also Read:ഉപ്പ് ഉപയോഗം അധികമോ ?, ടൈപ്പ് 2 പ്രമേഹം കടുക്കും ; പഠനം പുറത്ത്