ഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ സെർവിക്കൽ ക്യാൻസർ ബോധവത്കരണ കാമ്പയിന്‍റെ മുഖമായി നടി പൂനം പാണ്ഡെ എത്തിയേക്കും. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറായാണ് പൂനം പാണ്ഡെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് (Poonam Pandey to be the brand ambassador of the government's national campaign).
മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി പാണ്ഡെയും സംഘവും ഇതിനകം തന്നെ വിശദാംശങ്ങൾ ചർച്ച ചെയ്‌തുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൂനം പാണ്ഡെയുടെ 'വ്യാജ മരണ വാര്‍ത്ത' ദേശീയ തലത്തില്‍ തന്നെ വലിയ വിവാദമായി മാറിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്‌ടിച്ചതെന്ന് പൂനം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വലിയ വിവാദമാകുകയും ചെയ്‌തു. നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നൽകുന്നതെന്ന് വിമര്‍ശിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്തു വന്നു.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി ഒരു കുറിപ്പുമായി പൂനം പാണ്ഡെ വീണ്ടും എത്തി. ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്‍റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. എന്നെ വിമര്‍ശിച്ചോളൂ.. വെറുത്തോളൂ..പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും അവരെ രക്ഷിക്കണമെന്നും പൂനം പാണ്ഡെ പോസ്റ്റില്‍ പറയുന്നു.