തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍റർ (എംസിസി). കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ വിജയകരമായി പൂർത്തിയാക്കിയാണ് എംസിസി നേട്ടം കൊയ്‌തത്. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്‍റെ കാഴ്‌ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സ രീതിയാണിത്.
യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്‌ത പ്‌ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ തദ്ദേശീയമായി നിര്‍മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചായിരുന്നു ചികിത്സ. കേരളത്തില്‍ ഇത്തരമൊരു ചികിത്സ ഇതാദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സ ലഭ്യമാവുക (Ocular plaque brachytherapy treatment successfully completed at Malabar Cancer Centre).
ഡല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്‌പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എംസിസി മാറി. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണിത്. എംസിസിയിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയത്.
അതേസമയം ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു. എംസിസി ഡയറക്‌ടർ ഡോ. ബി സതീശന്‍റെ ഏകോപനത്തില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്‌മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശില്‍പ, ഡോ. സോണാലി, സ്റ്റാഫ് നഴ്‌സുമാരായ ജിഷ, മനീഷ്, ശ്രീജില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയില്‍ പങ്കാളികളായത്.
എന്താണ് പ്ലാക് ബ്രാക്കിതെറാപ്പി?
കണ്ണിലെ കാന്‍സര്‍ ചികിത്സയ്‌ക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷന്‍ തെറാപ്പിയാണിത്. കണ്ണുകള്‍ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്‌ച നഷ്‌ടമാകാതെ നിലനിര്‍ത്താനും ഈ ചികിത്സയിലൂടെ സാധിക്കും. കണ്ണിന്‍റെ ഉപരിതലത്തിലെ മുഴകള്‍, യൂവിയല്‍ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകള്‍ എന്നിവ ചികിത്സിക്കാന്‍ പ്ലാക്ക് ബ്രാക്കിതെറാപ്പി ഏറെ ഫലപ്രദമാണ്.
റേഡിയോ ആക്‌ടീവ് ഐസോടോപ്പ് അടങ്ങിയ ഒരു പ്‌ളാക് ശസ്‌ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളില്‍ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്‌ക്കുകയുമാണ് ചെയ്യുക. പിന്നീട് റേഡിയേഷന്‍ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യും. തുടർന്ന് രോഗിയെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യും.
രോഗിയുടെ കാഴ്‌ച നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്. എംസിസിയില്‍ ഈ ചികിത്സ യാഥാര്‍ഥ്യമായതോടെ ഇനിമുതൽ മറ്റ് സംസ്ഥാനങ്ങളില്‍ പോകാതെ കേരളത്തില്‍ തന്നെ ഈ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.