ഹൈദരാബാദ്: പുതിയ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ. ഒരിക്കൽ തിളപ്പിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഇത് കൂടുതൽ ദിവസം സൂക്ഷിക്കാൻ പാടില്ല. ഉണങ്ങിയ പഴങ്ങൾ, എണ്ണക്കുരുക്കൾ, കടൽ മത്സ്യം, കോഴിമുട്ട എന്നിവ കഴിക്കുന്നത് നല്ലതാണ് ആഴ്‌ചയിൽ 200 ഗ്രാം വരെ മീൻ കഴിക്കാമെന്നും ഫാസ്‌റ്റ് ഫുഡ് ഇനങ്ങൾ ഒഴിവാക്കണമെന്നും എന്‍ഐഎന്നിന്‍റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
നെയ്യ്, വെണ്ണ എന്നിവ ഒരു ദിവസം ഒന്നോ രണ്ടോ സ്‌പൂൺ വരെ മാത്രമേ കഴിക്കാവൂ. ശീതീകരണ എണ്ണകൾ ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്. ജോലി ചെയ്യുന്ന പുരുഷന്മാർക്ക് പ്രതിദിനം 40 മുതൽ 50 ഗ്രാം വരെ കൊഴുപ്പടങ്ങിയ ആഹാരം കഴിക്കാം. സ്ത്രീകൾക്ക് ഇത് 30 മുതൽ 40 ഗ്രാം വരെയാണ്. ജോലി ചെയ്യാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും 20 ഗ്രാം മുതൽ 30 ഗ്രാം വരെ കൊഴുപ്പ് മതി എന്നിങ്ങനെയാണ് ആരോഗ്യപരമായ ഭക്ഷണത്തിന് ക്രമത്തിനായി എന്‍ഐഎന്‍ പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങൾ.
മാർഗ നിർദേശങ്ങളില്‍ പ്രധാനപ്പെട്ടവ
- 10-15 മിനിറ്റ് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്.
ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. 10 മുതൽ 15 മിനിറ്റ് വരെ തിളപ്പിച്ച വെള്ളം കുടിക്കണം. ഇതുവഴി ജലത്തിലെ സൂക്ഷ്‌മാണുക്കൾ നശിക്കുന്നു. 0.5 മില്ലിഗ്രാം ക്ലോറിൻ ഗുളിക 20 ലിറ്റർ വെള്ളത്തിൽ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത് വെള്ളത്തിലെ രാസവസ്‌തുക്കളെ ഇല്ലാതാക്കുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 1.5 മില്ലിഗ്രാമിൽ കൂടുതൽ ഫ്ലൂറൈഡ് അടങ്ങിയിരിക്കരുത്.
- പഴച്ചാറുകൾ പല്ലിന് അപകടം
പഴച്ചാറുകൾ (ജ്യൂസ്) കഴിക്കുന്നതിനേക്കാള്‍ പഴങ്ങള്‍ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുക. പ്രതിദിനം 100-150 മില്ലി ജ്യൂസ് മാത്രമേ കുടിക്കാവൂ. നൂറ് മില്ലി. കരിമ്പ് ജ്യൂസിൽ 13 മുതൽ 15 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കടയില്‍ നിന്ന് വാങ്ങുന്ന ജ്യൂസുകളിലെ ചേരുവകളുടെ ലേബലുകൾ ശരിയായിക്കൊള്ളണമെന്നില്ല. പല ജ്യൂസുകളിലും 10% പഴങ്ങളുടെ പൾപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അവ പല്ലിനും നല്ലതല്ല. നിങ്ങൾക്ക് പഴച്ചാറുകൾ കഴിക്കണമെങ്കിൽ അതില്‍ പഞ്ചസാര ചേർക്കുന്നില്ലെന്ന് ഉറപ്പാക്കുക.
- ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക
ശരീരത്തിലെ അവയവങ്ങൾക്ക് വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദഹന പ്രക്രിയയിലും വെള്ളം നിര്‍ണായക പങ്ക് വഹിക്കുന്നു. മൂത്രം, വിയർപ്പ്, മലം എന്നിവയിലൂടെ മാലിന്യങ്ങൾ പുറന്തള്ളാനും ശരീര താപനില സാധാരണ നിലയിലാക്കാനും അതിലോലമായ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സന്ധികൾ എളുപ്പത്തിൽ ചലിപ്പിക്കാനും വെള്ളം സഹായിക്കുന്നു. മലബന്ധം കുറയ്ക്കുന്നു.
ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കുന്നു. തണുത്ത കാലാവസ്ഥയുമായി ശരീരത്തെ പൊരുത്തപ്പെടുത്തുന്നു. സാധാരണ ആളുകൾ ഒരു ദിവസം 8 ഗ്ലാസ് (കുറഞ്ഞത് രണ്ട് ലിറ്റർ) വെള്ളമെങ്കിലും കുടിക്കണം. മൂന്ന് ലിറ്റർ വരെ കുടിക്കാവുന്നതാണ്. 100 മില്ലി. തേങ്ങാവെള്ളം 15 കലോറി നൽകുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പാൽ കുടിക്കാം. കാൽസ്യത്തിൻ്റെ രൂപത്തിൽ പാൽ മനുഷ്യൻ്റെ വളർച്ചയെ എല്ലാ വിധത്തിലും സഹായിക്കുന്നു. ശീതളപാനീയങ്ങൾ ഒഴിവാക്കണം.
- മദ്യപാനം ഒഴിവാക്കുക
പ്രതിദിനം 60 മില്ലിലിറ്ററിലധികം മദ്യം കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും. അമിതമായ മദ്യപാനം വായിലെ അർബുദത്തിനും കാരണമാകുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും മദ്യപാനം നയിക്കുന്നു. ബിയറിൽ 2-5% വും വൈനിൽ 8-10% വും ബ്രാണ്ടി, റം, വിസ്‌കി എന്നിവയിൽ 30-40% വും എഥൈൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.
- അമിതഭാരം സൂക്ഷിക്കുക
ഇന്നത്തെ യുവാക്കൾ പൊതുവെ 20 വയസ് മുതലാണ് വണ്ണം കൂടിത്തുടങ്ങുന്നത്. ആദ്യ പ്രസവത്തിന് ശേഷം സ്ത്രീകളിലും വണ്ണം കൂടുന്നുണ്ട്. ശരീരഭാരം കുറയ്ക്കൽ സാവധാനം ചെയ്യേണ്ടുന്ന പ്രവര്‍ത്തിയാണ്. തിടുക്കത്തിൽ വണ്ണം കുറയ്‌ക്കുന്നത് അപകടമാണ്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണം. ശുദ്ധീകരിച്ച എണ്ണ ഉപയോഗിക്കരുത്. വറുത്ത ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, മദ്യം എന്നിവ കഴിക്കുന്നത് നല്ലതല്ല. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശീതീകരിച്ച ഭക്ഷണം ചൂടാക്കിയ ശേഷം മാത്രമേ കഴിക്കാവൂ. എന്നാൽ ഇത് ആവർത്തിച്ച് ചെയ്യരുത്. പാകം ചെയ്‌ത ഭക്ഷണം ആറു മണിക്കൂറിനുള്ളിൽ തന്നെ കഴിക്കണം.
ALSO READ: ശീതള പാനീയങ്ങളും ചിപ്‌സും കഴിക്കാറുണ്ടോ?; അധികമായാല്‍ പണികിട്ടും!, അതും തലച്ചോറിന്