സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ രാജ്യത്ത് ദേശീയ പോഷകാഹാര വരമായി ആചരിക്കുന്നു. ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളുടെ പ്രധാന്യത്തെ കുറിച്ച് എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്. പോക്ഷഹാര ആവശ്യതകളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് പുറമെ എല്ലാ പ്രായക്കാരിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്നത് കൂടിയാണ് ഇതിന്‍റെ ലക്ഷ്യം. 'എല്ലാവർക്കും പോഷകാഹാരം' എന്നതാണ് ഈ വർഷത്തെ പോഷകാഹാര വാരത്തിൻ്റെ തീം.
ചരിത്രം
1982 ലാണ് ആദ്യമായി ദേശീയ പോഷകാഹാര വാരം ആചരിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ഭക്ഷ്യ പോഷകാഹാര ബോർഡിന്‍റെ (Food and Nutrition Board of the Indian Government) നേതൃത്വത്തിലായിരുന്നു ഇതിന്‍റെ തുടക്കം. കുട്ടികളിൽ പോഷകാഹാര കുറവ് നിരക്ക് കുറയ്‌ക്കുക, പോഷകാഹാരത്തിന്‍റെ പ്രധാന്യം ഉയർത്തിക്കാണിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരം ആചരിക്കാനുള്ള തുടക്കം.
പോഷകാഹരത്തിന്‍റെയും ആരോഗ്യത്തിന്‍റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യയ്‌ക്ക് മുന്നേ മറ്റ് ചില രാജ്യങ്ങളും ഇത് നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ, 1975 മാർച്ചിൽ അമേരിക്കൻ ഡയറ്റെറ്റിക് അസോസിയേഷൻ അഥവാ അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സാണ് (Academy of Nutrition and Dietetics) ദേശീയ പോഷകാഹാര വാരം സംഘടിപ്പിച്ചത്. ശരീരത്തിന് ആവശ്യമായി പോക്ഷകങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക, ഡയറ്റീഷ്യൻമാരുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പരിപാടിയ്ക്ക് പ്രദശിക തലങ്ങളിലും ആഗോളതലത്തിലും വരെ വളരെ നല്ല പ്രതികരണമായിരുന്നു അന്ന് ലഭിച്ചത്.
ലോകാരോഗ്യ സംഘടനയുടെ വീക്ഷണം
ആരോഗ്യം നിലനിർത്താൻ ഏറ്റവും അവിഭാജ്യമായ ഘടകമാണ് പോക്ഷകാഹാരം. നല്ല പോഷകാഹാരം കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. സുരക്ഷിതമായ ഗർഭധാരണവും പ്രസവത്തിനും പോഷകാഹാരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാത്രമല്ല പ്രമേഹം, ഹൃദ്രോഗം എന്നീ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും പോഷകാഹാരം സഹായിക്കുന്നു.
പോഷക ആഹാരക്കുറവ് എല്ലാ രീതിയിലും ആരോഗ്യത്തിന് വലിയ വെല്ലുവിളിയുണ്ടാക്കുന്നവയാണ്. ലോകം ഇന്ന് പോഷകാഹാരക്കുറവിൻ്റെ രണ്ട് പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതിൽ ഒന്ന് പോഷകാഹാരക്കുറവും മറ്റൊന്ന് അമിതഭാരവുമാണ്. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പോഷകാഹാര കുറവ് വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ അപര്യാപ്‌തത, അമിതഭാരം, പൊണ്ണത്തടി, സാംക്രമികേതര രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ നിലവിലെ സ്ഥിതി
മാരാസ്‌മസ്, ക്വാഷിയോർകോർ, കെരാട്ടോമലാസിയ തുടങ്ങിയ പോഷകാഹാരക്കുറവിൻ്റെ ഗുരുതര പ്രശ്‌നങ്ങൾ ഏറെക്കുറെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. അപ്പോഴും പോഷകാഹാരക്കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിളർച്ച പോലുള്ള ആരോഗ്യ പ്രശ്‍നം ഇപ്പോഴും പൊതുജനാരോഗ്യത്തെ ബാധിക്കുന്നു.
അതേസമയം രാജ്യത്തെ 56.4 ശതമാനം രോഗവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്ന് ഉണ്ടാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളും കൊറോണറി ഹൃദ്രോഗം (CHD), രക്താതിമർദ്ദം (HTN) എന്നിവയുടെ ഗണ്യമായ അനുപാതം കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തെ 80 ശതമാനം വരെ തടയാനും സഹായിക്കും.