കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഭീഷണി ഉയർത്തി മങ്കി മലേറിയ. ആറളം വന്യജീവിസങ്കേതത്തിൽ വളയംചാലിൽ നാല് കുരങ്ങുകൾ ചത്തത്തിനു പിന്നാലെയാണ് ജനങ്ങൾ ഭീതിയിലായത്. കുരങ്ങുകളിൽ നിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാൻ സാധ്യതയുള്ള രോഗമാണിത്. കശേരുക്കളെ ബാധിക്കുന്ന കൊതുകുകൾ പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് മലേറിയ. പനി, ക്ഷീണം, ഛർദി, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
രോഗം മൂർച്ഛിച്ചാൽ മഞ്ഞപിത്തം അപസ്‌മാരം തുടങ്ങി മരണം വരെ സംഭവിച്ചേക്കാം. അനോഫിലസ് കൊതുകിൻ്റെ കടിയേറ്റ് 10 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ ആണ് രോഗലക്ഷണങ്ങൾ സാധാരണയായി കണ്ടുതുടങ്ങുക. ശരിയായി ചികിത്സിച്ചില്ലെങ്കിൽ, മാസങ്ങൾക്കുശേഷം ആളുകൾക്ക് രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആറളം - വളയംചാലിലെ ഉൾവനത്തിൽ കുരങ്ങുകൾ ചത്തതായി കണ്ടെത്തിയത്.
മൃതദേഹം പരിശോധിച്ചപ്പോൾ പരിക്കുകളോ ആന്തരികാവയവങ്ങളിൽ വിഷാംശ സാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദഗ്‌ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വയനാട്ടിലെ വന്യജീവിസങ്കേതം ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങുകൾ മരിച്ചത് മങ്കി മലേറിയ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മങ്കി മലേറിയയിൽ ജില്ലയിൽ പരിശോധന ശക്തമാക്കിയത്.
രോഗം ബാധിച്ച് കുരങ്ങൻമാരുടെ മരണം റിപ്പോർട്ട് ചെയ്‌ത ആറളം വന്യജീവി സങ്കേതത്തിൽ ജില്ല മെഡിക്കൽ ഓഫിസ് സംഘം പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് പറയുന്നത്. ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ സി സച്ചിൻ്റെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫിസിൽ നിന്നുള്ള സംഘമാണ് ആറളത്ത് പരിശോധന നടത്തിയത്. തുടർന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സംഘം വ്യക്തമാക്കുമ്പോഴും പരിശോധന ശക്തമാണ്. കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്. നിലവിൽ സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരിൽ പനി റിപ്പോർട്ട് ചെയ്യുന്നവർക്ക് മലേറിയ പരിശോധന നടത്താൻ തീരുമാനിച്ചു.
ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ഇങ്ങനെയാണ്
- രാത്രി കാലത്ത് പട്രോളിങ്ങിനായി വനത്തിലേക്ക് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കൊതുക് കടി കൊള്ളാത്തവിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും ആവശ്യമായ മറ്റു മുൻകരുതൽ എടുത്തു കൊണ്ടും പോകേണ്ടതാണ്.
- ആറളം വന്യജീവി സങ്കേതത്തിലെ ജീവനക്കാർക്കും പരിസര പ്രദേശത്തെ ജനങ്ങൾക്കും മങ്കി മലേറിയ സംബന്ധിച്ച ബോധവത്കരണ പരിപാടി നടത്താൻ തീരുമാനിച്ചു.
- വനത്തിലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്കും മനുഷ്യർ കടന്നുചെല്ലുന്ന സാഹചര്യവും വന്യജീവികളുമായുള്ള സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.
- വീടും പരിസരവും ശുചിത്വപൂർണമായി നിലനിർത്തുകയും കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന ചെറിയ വെള്ളക്കെട്ടുകൾ പോലും ഒഴിവാക്കുകയും ഉറവിട നശീകരണം ശീലമാക്കുകയും ചെയ്യേണ്ടതാണ്.
- വെക്‌ടർ ബോൺ ഡിസീസ് ടീമിൻ്റെ നേതൃത്വത്തിൽ മലേറിയ പരത്തുന്ന കൊതുകിൻ്റെ സാനിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികൾ തുടരും.
Also Read: മദ്യപിക്കുന്ന പ്രമേഹ രോഗിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വന്‍ അപകടം, അറിയേണ്ടതെല്ലാം