മെൽബൺ : പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ ആന്‍റി ഡിപ്രസന്‍റുകളുടെ (വിഷാദരോഗത്തിനുള്ള മരുന്നുകള്‍) ഉപയോഗം കൂടുന്നതായി കണ്ടെത്തല്‍. വിവാഹമോചനങ്ങളും വേർപിരിയലുകളുമായി പൊരുത്തപ്പെടാൻ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ബുദ്ധിമുട്ടാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഫിൻലൻഡിലെ 50 നും 70 നും പ്രായമുള്ളവര്‍ക്കിടയില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. നാല് വർഷത്തിനുള്ളിൽ വലിയ തോതിലാണ് ആന്‍റി ഡിപ്രസന്‍റ്റുകളുടെ ഉപയോഗം വർധിച്ചിരിക്കുന്നത്.
ഒരു ബന്ധത്തിലോ വിവാഹത്തിലോ പങ്കാളിയുമായി വേർപിരിയുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതാണ് വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗത്തിലേക്ക് നയിക്കുന്നത് (Women Take More Antidepressants After Divorce Than Men)
വിവാഹമോചനത്തിന്‍റെയും, വേർപിരിയലിന്‍റെയും കാലഘട്ടം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സമ്മർദപൂരിതമായ പരിവർത്തനങ്ങളിലൊന്നായി മാറുന്നതിൽ അതിശയിക്കാനില്ല. വിഷാദം, ഉത്കണ്‌ഠ, മദ്യപാനം, സ്‌കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾക്കുള്ള കാരണമായി ഇത് മാറാം.
എന്തുകൊണ്ടാണ് ദമ്പതികൾ വിവാഹമോചനം നേടുന്നത്? : ഓസ്‌ട്രേലിയയിൽ ഓരോ വർഷവും 50,000 വിവാഹമോചനങ്ങൾ മാത്രമാണ് അനുവദിക്കപ്പെടുന്നത്. 1990 മുതൽ ഇത് പതുക്കെ കുറഞ്ഞു. കൂടുതൽ പേരും ഇപ്പോള്‍ വിവാഹത്തിന് പകരം ലിവിങ് റിലേഷനിലേക്ക് പോകുന്നു എന്നതാണ് സത്യം.
വിവാഹമോചന സ്ഥിതിവിവരക്കണക്കുകളിൽ വിവാഹിതരായ ദമ്പതികളെ അപേക്ഷിച്ച് ലിവിങ് റിലേഷനിലുള്ളവര്‍ക്കാണ് വേർപിരിയാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ വിവാഹിതരായ ദമ്പതികളുടെ ഡിവോഴ്‌സ് റേറ്റുകളാണ് ഇപ്പോള്‍ കൂടുതലായി കാണാന്‍ സാധിക്കുന്നത്. പല ദമ്പതികളും കുട്ടികള്‍ക്കു വേണ്ടി വിവാഹമോചനം മാറ്റിവയ്‌ക്കുന്നു. പലരും കുട്ടികള്‍ വളര്‍ന്നതിനുശേഷം വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായാണ് കണക്കുകള്‍.
വിവാഹത്തോടും ബന്ധങ്ങളോടുമുള്ള സാമൂഹിക മനോഭാവത്തില്‍ വന്നിട്ടുള്ള മാറ്റങ്ങൾ അർഥമാക്കുന്നത് വിവാഹമോചനം ഇപ്പോൾ കൂടുതൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. കുട്ടികൾ ഉണ്ടെങ്കിലും സന്തോഷവും, സമാധാനവുമില്ലാത്ത ദാമ്പത്യ ബന്ധത്തില്‍ നിന്നും പുറത്തുവരാന്‍ ആളുകള്‍ ശ്രദ്ധിക്കുന്നു. ബന്ധത്തിന്‍റെ ഗുണനിലവാരത്തിന് പങ്കാളികളിൽ നിന്നുള്ള വിശ്വാസം, തുറന്ന ആശയവിനിമയം, സുരക്ഷ എന്നിവ ആവശ്യമാണ്. അതില്ലാതെ വരുമ്പോവാണ് ബന്ധം വഷളാകുന്നതും വിവാഹമോചനത്തിലേക്ക് എത്തുന്നതും.
പാശ്ചാത്യ രാജ്യങ്ങളിൽ ഗ്രേ വിവാഹമോചനം (50 വയസും അതിൽ കൂടുതലുമുള്ള ആളുകള്‍ക്കിടയിലെ വിവാഹമോചനം) കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പ്രായമായ ദമ്പതികൾ വിവാഹമോചനം നേടുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
വിവാഹവും വിഷാദവും : വിവാഹവും വിഷാദത്തിന് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? അതെ, വിവാഹിതരിലെ വിഷാദരോഗത്തെ മെഡിക്കൽ ഭാഷയിൽ പോസ്റ്റ് വെഡ്ഡിങ് ഡിപ്രഷൻ എന്നാണ് അറിയപ്പെടുന്നത്. വിവാഹിതരായവർ വിഷാദരോഗത്തിന് ഇരയാകുന്നുണ്ടെന്ന് പല ഗവേഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷമുള്ള വിഷാദം കൂടുതലും കാണുന്നത് ദാമ്പത്യത്തിൽ അസന്തുഷ്‌ടരായ ആളുകളിലാണ്.
- പങ്കാളിയുമായി നല്ല അടുപ്പം ഇല്ലാത്തവർ.
- വിവാഹത്തിന് നിർബന്ധിതരായ ആളുകൾക്ക് വിവാഹാനന്തര വിഷാദവും ഉണ്ടാകാം.
- പലപ്പോഴും പെൺകുട്ടികൾ വിവാഹശേഷം തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുപോകുമ്പോൾ വിഷാദരോഗം അനുഭവിക്കുന്നു.
- പുതിയ കുടുംബത്തിൻ്റെ കാര്യത്തിൽ, മാറ്റം അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, വിവാഹാനന്തര വിഷാദം ഉണ്ടാകാം.
- വിവാഹശേഷം പങ്കാളിയുടെ ഭാഗത്ത് നിന്ന് ശാരീരികമോ മാനസികമോ ആയ പീഡനത്തിന് ഇരയായാൽ വിവാഹാനന്തര വിഷാദം ഉണ്ടാകാം.
പങ്കാളിയുമായി സംസാരിക്കുക : സമ്മർദത്തെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കണം. വിഷാദരോഗത്തെ ഒരുമിച്ച് നേരിടാൻ സംസാരിക്കുന്നത് സഹായിക്കും. വിഷാദത്തിൻ്റെ കാരണം പങ്കാളി മാത്രമാണെങ്കിൽ, നിങ്ങൾക്ക് കുടുംബത്തിൻ്റെയും ഉപദേശകൻ്റെയും മറ്റും സഹായം തേടാം.
നിയമസഹായം തേടുക : വിഷാദത്തിനുള്ള കാരണം ശാരീരികമോ മാനസികമോ ആയ പീഡനമാണെങ്കിൽ, നിങ്ങളുടെ പങ്കാളിക്കെതിരെ നിങ്ങൾക്ക് നിയമസഹായം തേടാം. ഇതാണ് നിങ്ങളുടെ വിഷാദത്തിന് കാരണമെങ്കിൽ, ഒരു നിയമോപദേശകനെ കാണുക.
വേർപിരിയൽ പോസിറ്റീവ് ആക്കാം : ചില ആളുകൾക്ക്, വിവാഹമോചനം അല്ലെങ്കിൽ വേർപിരിയൽ സന്തോഷം വർധിപ്പിക്കുന്നതിനും കൂടുതൽ സ്വതന്ത്രമായ അനുഭവത്തിനും ഇടയാക്കും. ഒരു ബന്ധം പിരിച്ചുവിടുന്നതിന്‍റെ മാനസികാഘാതവും വൈകാരിക ക്ലേശവും ചെറുത്തുനിൽപ്പ് കൊണ്ട് നേരിടാൻ കഴിയുന്ന ഒന്നാണ്. ഓര്‍മിക്കുക വിവാഹമോചനം സാധാരണമാണ്.