മലപ്പുറം: കൊവിഡിന് ശേഷമാണ് കൊച്ചു കാശിനാഥന്‍ മുടി വളര്‍ത്തി തുടങ്ങിയത്. പലരുടെയും കളിയാക്കലുകള്‍ക്കിടയിലും കാശിക്കുട്ടന്‍ തന്‍റെ മുടി മുറിക്കാതെ കാത്തു വെക്കുകയായിരുന്നു. അമ്മയുടെ കരുതല്‍ കൂടിയാണ് ഈ മുടിയഴകിന് പിന്നില്‍ (kashinadhan donate his hair to cancer patients).
കൊവിഡിന് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസില്‍ ആയിരുന്നു കാശി. മുടി നീട്ടി വളര്‍ത്തുന്നതിന്‍റെ കാര്യം തിരക്കിയ സ്കൂള്‍ അധികൃതരോട് പിതാവ് പ്രവീണ്‍ കുമാറാണ് കേശദാനത്തിന്‍റെ വിവരം അറിയിക്കുന്നത്. പിന്നീട് സ്‌കൂളിന്‍റെ പൂര്‍ണ്ണ പിന്തുണയും കാശിനാഥന് ലഭിച്ചു.
ഇപ്പോള്‍ തിരുത്തി എയുപി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കാശി. കേശദാനത്തിനായി നീട്ടി വളര്‍ത്തിയ കേശം ഒടുവില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. 15 ഇഞ്ചോളാം നീളമുള്ള മുടിയാണ് കാശി കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ച് നല്‍കിയത്.
ഒലിപ്രം തിരുത്തി എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് ഹുഡ് കാന്‍സര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം.വി. അശോകന്‍ മുടി മുറിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്‌തു. ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ ഉണ്ണികൃഷ്ണന്‍ മുടി ഏറ്റു വാങ്ങി. കാശിനാഥനില്‍ നിന്ന് ഏറ്റുവാങ്ങിയ കേശം തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച്ച് ആന്‍റ് മെഡിക്കല്‍ കോളേജിന് കൈമാറും.