ദിവസവും ചൂട് വെള്ളത്തിൽ കുളിക്കാൻ ഇഷ്‌ടപ്പെടുന്ന ആളുകൾ നിരവധിയാണ്. തണുപ്പ്, ശാരീരിക പ്രശ്‌നങ്ങൾ, വാർദ്ധക്യം എന്നിവ ഇതിന് പിന്നിലെ കാരണങ്ങളാണ്. വേനൽക്കാലത്ത് പോലും ചൂടുവെള്ളത്തിൽ കുളിക്കുന്നവരുണ്ട്. എന്നാൽ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണോ ? അല്ലെന്ന് തന്നെയാണ് ഉത്തരം. പ്രത്യേകിച്ച് ഗർഭിണികൾ ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ രജനി പറയുന്നു. ഗർഭകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് അവർ വ്യക്തമാക്കുന്നു.
ദിവസേനയുള്ള ചൂട് വെള്ളത്തിലെ കുളി ചർമ്മത്തെ വരണ്ടതാക്കുകയും ഇത് ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നവയാണ്. പൊതുവെ, ഗർഭകാലത്തെ ആദ്യ മൂന്നു മാസം വളരെ കരുതലോടെയിരിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്‍റെ അവയവങ്ങൾ, മസ്‌തിഷ്‌ക വികസനം, ന്യൂറോളജിക്കൽ പ്രവർത്തനങ്ങൾ എന്നിവ ഈ കാലയളവിലാണ് ആരംഭിക്കുന്നത്. അതിനാൽ ഈ സമയത്ത് ഗർഭിണികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഡോ. രജനി പറയുന്നു.
ഗർഭകാലത്ത് കുളിക്കുമ്പോൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ഗർഭിണികൾ ചൂട് വെള്ളത്തിലെ കുളി ഒഴിവാക്കി തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. എന്നാൽ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഡോ. രജനി പറയുന്നു. ഉയർന്ന അളവിൽ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയെ ബാധിക്കും.
ഗർഭിണികൾ ചൂട് വെള്ളത്തിൽ കുളിക്കാൻ പാടില്ലാത്തതിന്‍റെ കാരണങ്ങൾ
ഗർഭിണികളിൽ ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ രക്തസമ്മർദ്ദം കുറയാനുള്ള സാധ്യത വർധിക്കുന്നു. ഇത് കുഞ്ഞിന് ഓക്‌സിജൻ ലഭ്യത കുറയ്ക്കാൻ ഇടയാക്കുകയും പോഷകങ്ങളുടെ അഭാവം വരുത്താനും കാരണമാകുന്നു. ഗർഭഛിത്രം വരെ സംഭവിക്കാൻ ഇത് ഇടയാകുന്നു. മാത്രമല്ല സ്‌പൈന ബിഫിഡ പോലുള്ള ജനിതക വൈകൃത അവസ്ഥയുണ്ടാക്കാനുള്ള സാധ്യത വർധിക്കുന്നു. ഗർഭിണികളിൽ ബലക്ഷയം, തലകറക്കം എന്നിവ അനുഭവപ്പെടാനും ചൂട് വെള്ളത്തിലെ കുളി കാരണമാകുന്നു. അതിനാൽ ചൂട് വെള്ളത്തിലെ കുളി ഒഴിവാക്കുന്നതാണ് ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിന് നല്ലത്.
സ്റ്റീം വാട്ടർ ബാത്ത്, ഹോട്ട് വാട്ടർ ബാത്ത് എന്നിവ ഗഭകാലത്ത് പരമാവധി ഒഴിവാക്കുക. എന്നാൽ അധികം തണുത്ത വെള്ളത്തിൽ കുളിക്കുന്നതും നല്ലതല്ല. കുളിക്കാനായി ഇളം ചൂട് വെള്ളം ഉപയോഗിക്കുന്നതാണ് ഗർഭിണികളുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തിന് ഉത്തമം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ആർത്തവ വിരാമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനം