ഹൈദരാബാദ് : എച്ച്ഐവി അണുബാധയ്‌ക്കെതിരെ 100% സംരക്ഷണം നൽകുന്ന പുതിയ മരുന്ന് ഉടൻ തന്നെ ലഭ്യമാക്കുമെന്ന് ഗവേഷകർ. ഈ മരുന്ന് വർഷത്തിൽ രണ്ടുതവണ കുത്തിവയ്പ്പിൻ്റെ രൂപത്തിൽ സ്വീകരിച്ചാല്‍ ഒരു വർഷത്തേക്ക് എച്ച്ഐവി അണുബാധയെ ചെറുത്ത് നിർത്താമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒരു പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ് (PREP) ക്ലാസ് മരുന്നായ 'ലെനകാവിർ' ഗിലെയാദ് സയൻസസ് എന്ന അമേരിക്കൻ കമ്പനിയാണ് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്നാം ഘട്ടത്തിൽ നടത്തിയ ട്രയലിൻ്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലുമുളള 2,134 കൗമാരക്കാരായ പെൺകുട്ടികൾക്കും യുവതികൾക്കും വർഷത്തിൽ രണ്ടുതവണ ഈ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടായിരുന്നു.
പിന്നീട് ഇവരെ പരിശോധിച്ചപ്പോൾ ഇവരിൽ ഒരാൾക്കും എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി. എന്നാൽ ഒരേ സമയം മറ്റ് രണ്ട് മരുന്നുകൾ ഉപയോഗിച്ചവരിൽ പലർക്കും എച്ച്ഐവി ബാധയുണ്ടായി. പുരുഷന്മാരിലും ട്രാൻസ്‌ജെൻഡേഴ്‌സിലും ലിനാകാപവിർ ഉപയോഗിച്ചുള്ള പരീക്ഷണഫലം ഈ വർഷം അവസാനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
Also Read: ലോക എയ്‌ഡ്‌സ് ദിനം; അറിയാം ചികിത്സയും പ്രതിരോധവും