ഒരു രാത്രി മുഴുവൻ കിടന്നിട്ടും എഴുനേൽക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ശരിയായ ഉറക്കമില്ലായ്‌മയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. ദൈന്യംദിന ജീവിതത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു പുറമെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉറക്കക്കുറവ് വഴിയൊരുക്കുന്നു. എന്നാൽ എങ്ങനെയാണ് നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെന്ന് കണ്ടത്തുക? ഇതാ അഞ്ച് ലക്ഷണങ്ങൾ...
സ്ഥിരമായ ക്ഷീണം
ഓരോ മണിക്കൂറിലും മയക്കം ആവശ്യമാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നില്ല എന്നതിനെയാണ് സൂചിപ്പിക്കുന്നത്. വിട്ടുമാറാത്ത ക്ഷീണം ഉറക്കമില്ലായ്‌മയുടെ ഒരു അടയാളമാണ്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല എന്നതിൻ്റെ വ്യക്തമായ ഒരു സൂചനയാണ്, എന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ കണ്ണുകൾ തുറക്കാൻ പാടുപെടുന്ന അവസ്ഥ.
പെട്ടെന്ന് ദേഷ്യം വരിക
ഉറക്കക്കുറവ് നിങ്ങളുടെ മാനസികാവസ്ഥയെ തകരാറിലാക്കിയേക്കാം. പ്രിയപ്പെട്ടവരോട് അസാധാരണമാം വിധം പൊട്ടിത്തെറിക്കുക, ദേഷ്യപ്പെടുക എന്നിവയെല്ലാം ഉറക്ക കുറവുമൂലം സംഭവിക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് നിങ്ങളുടെ വൈകാരിക നിയന്ത്രണത്തെ ബാധിക്കുകയും കൂടുതൽ പ്രകോപിതരാക്കുകയും പെട്ടെന്നുള്ള മാനസികാവസ്ഥ മാറാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ശാന്തമായിരിക്കാൻ ബുദ്ധിമുട്ടുകയും അസാധാരണമാംവിധം തളർച്ച അനുഭവപ്പെടുകയും ചെയ്യുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയോ മന്ദത അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള ഒരു കാരണം ഉറക്കക്കുറവ് തന്നെയാകാം. ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ജോലിസ്ഥലങ്ങളിൽ ഇടയ്ക്കിടെ തെറ്റുകൾ വരുത്തുക തുടങ്ങിയവയും ഉറക്കക്കുറവ് ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ പെടുന്നു.
ശാരീരിക ലക്ഷണങ്ങൾ
സ്ഥിരമായുള്ള ഉറക്കക്കുറവ് ശാരീരികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. തലവേദന, പേശി വേദന, ദഹന പ്രശ്‌നങ്ങൾ ഉൾപ്പെടെ വയറിലുണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും ഉറക്കക്കുറവ് കാരണം സംഭവിക്കാറുണ്ട്. ദീർഘനാളായുള്ള ക്ഷീണം അനുഭവപ്പെടുന്നതിനൊപ്പം ഇത്തരം ലക്ഷണങ്ങൾ കണ്ടുവരികയായണെങ്കിൽ നിങ്ങൾക്ക് ഉറക്ക കുറവുണ്ടെന്ന് തിരിച്ചറിയേണ്ടതാണ്.
വിശപ്പും ഭാരവും വർധിക്കുക
ഉറക്കക്കുറവുള്ളവരിൽ പലഹാരങ്ങൾ, സ്‌നാക്‌സുകൾ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഇത് ശരീര ഭാരം വർധിക്കാൻ ഇടയാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെയും ഉറക്കക്കുറവ് മോശമായി ബാധിക്കുന്നു. ഇത് അനാരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Also Read: 'കരൾ ശുദ്ധീകരിക്കാൻ കുറുക്കുവഴികളില്ല'; സോഷ്യൽ മീഡിയയിലെ പൊടിക്കൈകൾ അശാസ്ത്രീയമെന്ന് ഐഎംഎ