ഇന്നത്തെ കാലത്ത് സമ്മർദ്ദം അനുഭവിക്കാത്തവർ വിരളമായിരിക്കും. ചെറുതും വലുതുമായ പലകാരണങ്ങളാൽ സമ്മർദ്ദം നേരിടുന്നവർ അനേകമാണ്. ബന്ധങ്ങളിലുണ്ടാകുന്ന വിളളൽ മുതൽ ജോലിസംബന്ധമായ വിഷയങ്ങൾ വരെ സമ്മർദ്ദത്തിന് കാരണമാകുന്നു. നീണ്ടു നിൽക്കുന്ന സമ്മർദ്ദം ശാരീരികവും മനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് നമുക്കറിയാം. ഇതിനു പുറമെ ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തെ സാരമായി ബാധിക്കാനും ഇത് കാരണമാകുന്നു.
ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ
സമ്മർദ്ദം നേരിടുന്ന ഒരാളിൽ ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് കൂടുതലായിരിക്കും. ഇത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചർമ്മം വരണ്ടതും പരുക്കാനാകാനും കാരണമാകുന്നു. മാത്രമല്ല നേർത്ത വരകൾ, ചുളിവുകൾ, മുഖക്കുരു, ഡാർക്ക് സർക്കിൾ, ക്ഷീണം, ചുവപ്പ് നിറം, വീക്കം, വേദന എന്നിവയും സമ്മർദ്ദം മൂലം ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
മുടിയെ എങ്ങനെ ബാധിക്കും
സമ്മർദ്ദം നേരിടുന്ന ഒരാളിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് സാധാരണയാണ്. സമ്മർദ്ദം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് മുടിയുടെ വളർച്ചയെ ബാധിക്കുകയും വേരുകളെ ദുർബലപ്പെടുത്തുകയും മുടി നേർത്തതാക്കുകയും പൊട്ടനും ഇടയാക്കുന്നു. ചില സന്ദർഭങ്ങളിൽ, മുടി നരയ്ക്കാനും തലയോട്ടിയിൽ താരൻ ഉണ്ടാകാനും സമ്മർദ്ദം കാരണമാകാറുണ്ട്.
സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ
യോഗ, ധ്യാനം, ചിട്ടയായ വ്യായാമം എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണെന്ന് വിദഗ്‌ധർ പറയുന്നു. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയും 8 മണിക്കൂറിൽ കുറയാത്ത ഉറക്കം ലഭ്യമാക്കേണ്ടതും സമ്മർദ്ദം കുറയ്ക്കാൻ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ സി, ബി, മഗ്നീഷ്യം എന്നിവ അടങ്ങിയ പച്ചക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കടുത്ത മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ അപകടകാരിയായതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഉയർന്ന അളവിൽ കഫീൻ ശരീരത്തിൽ എത്തിയാൽ പോഷകങ്ങൾ വലിച്ചെടുക്കുകയും ഇത് ഉത്കണ്‌ഠയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മസാജ്. ചില തരത്തിലുള്ള ആയുർവേദ മസാജുകൾ ശരീരത്തിന്‍റെ പിരിമുറുക്കം കുറയ്ക്കുകയും അതുവഴി സമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യുന്നു. അതിനാൽ മാസത്തിൽ ഒരു തവണയെങ്കിലും ആയുർവേദ മസാജുകൾ ചെയ്യുന്നത് നല്ലതാണ്.