കേരളത്തിൽ അനുദിനം വർധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പല കാരണങ്ങളാൽ പ്രമേഹം ഉണ്ടാകാമെങ്കിലും രോഗത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രധാന ഘടകം ഭക്ഷണരീതിയാണ്. നേരത്തെ പ്രായമായവരിലാണ് പ്രമേഹം അധികമായി കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിലും ഇത് അധികമായി കാണപ്പെടുന്നു. കൃത്യമായ ആഹാരക്രമം പിന്തുടരുന്നതിലൂടെ ഒരു പരിധിവരെ പ്രമേഹത്തെ തടയാൻ കഴിയും. അതിനായി ഉറക്കം, കഴിക്കുന്ന മരുന്നിന്‍റെ അളവ് എന്നിവയ്ക്ക് അനുസരിച്ച് ഭക്ഷണരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. പൊതുവേ മൂന്ന് നേരവും അരി ആഹാരം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ. പ്രമേഹം ബാധിച്ചാലുടൻ ചോറിൽ നിന്ന് ചപ്പാത്തിയിലേക്ക് ഒതുങ്ങാറാണ് പതിവ്. എന്നാൽ ചപ്പാത്തിയിലും ചോറിലും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്‍റെ അളവ് സമാനമാണെന്ന് എത്രപേർക്കറിയാം. പ്രമേഹ രോഗികൾ മൂന്നു നേരവും ചോറ് ഒഴിവാക്കേണ്ടതുണ്ടോ ? പ്രമേഹ രോഗികൾക്ക് എത്ര അളവിൽ ചോറ് കഴിക്കാം ? അറിയാം വിശദമായി.
അരിയുടെ പോഷക മൂല്യം
അരിയിൽ വളരെയധികം പോഷകമൂല്യമുണ്ടെന്ന് ഡയബറ്റോളജിസ്‌റ്റ് ഡോ നസിമൂർ റിയാസ് പറയുന്നു. കൂടാതെ അരിയിൽ 15 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഗോതമ്പിനെക്കാൾ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഊർജവും കൂടുതൽ അരിയിലാണുള്ളത്. സോഡിയവും കൊഴുപ്പും കൂടുതലാണെങ്കിലും അരിയിലെ കൊളസ്ട്രോളിന്‍റെ അളവ് വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രമേഹ രോഗികൾ അരി ആഹാരം ഒഴിവാക്കേണ്ടതുണ്ടോ?
പ്രമേഹമുണ്ടെന്ന് അറിഞ്ഞാൽ ഉടൻ അരി ആഹാരം കഴിക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അരി ആഹാരം പൂർണമായി ഒഴിവാക്കേണ്ടതില്ലെന്ന് പറയുകയാണ് ഡോ നസിമൂർ റിയാസ്. നിങ്ങൾ കഴിക്കുന്ന അരി ആഹാരത്തിന്‍റെ അളവ്, ഏതു തരം അരിയാണ് കഴിക്കുന്നത് എന്നത് മാത്രമാണ് പ്രധാനം. വിവിധ തരം അരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിന്‍റെയൊക്കെ പോഷക മൂല്യത്തിലും വ്യത്യാസമുണ്ട്. പ്രമേഹ രോഗമുള്ള ഒരാളാണ് നിങ്ങളെങ്കിൽ കഴിക്കേണ്ട അരി ആഹാരത്തിന്‍റെ അളവിനെ കുറിച്ചറിയാൻ ഒരു ഡോക്‌ടറുടെയോ ന്യൂട്രീഷ്യന്‍റെയോ നിർദേശം തേടണം. എന്നാൽ ഒരു കാര്യം വ്യക്തമാണ് ചോറ് പൂർണമായി ഒഴിവാക്കേണ്ടതില്ല മറിച്ച് എത്ര കഴിക്കാം എന്നതിനെ കുറിച്ച് മനസിലാക്കിയിരിക്കണം.
വൈറ്റ് റൈസ് - ബ്രൗൺ റൈസ്
വിപണിയിൽ സുലഭമായി ലഭിക്കുന്ന രണ്ടു തരം അരിയാണ് ബ്രൗൺ റൈസും വൈറ്റ് റൈസും. ഇതിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലർക്കും അറിയില്ല. എന്നാൽ വൈറ്റമിൻ, ഫൈബർ, മിനറൽസ് എന്നിവ വൈറ്റ് റൈസിനേക്കാൾ കൂടുതൽ ബ്രൗൺ റൈസിലാണ് അടങ്ങിയിരിക്കുന്നത്. അതേസമയം നിശ്ചിത അളവിൽ കൂടുതൽ ബ്രൗൺ റൈസോ വൈറ്റ് റൈസോ കഴിക്കുന്നത് നല്ലതല്ലെന്നും ഡോ നസിമൂർ റിയാസ് വ്യക്തമാക്കുന്നു.
എന്തുകൊണ്ട് അരി ?
1) ദഹനം എളുപ്പമാക്കും
2. ഉയർന്ന പോഷകമൂല്യം
3. ധാരാളമായി തയാസിൻ, ഇരുമ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയിക്കുന്നു
5. കൊളസ്ട്രോൾ ഫ്രീ
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഡെങ്കിപ്പനി; രോഗ മുക്തി നേടിയ ശേഷം സ്വീകരിക്കേണ്ട മുൻകരുതലുകൾ