നിരവധി പേരെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തധമനികളിൽ സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. അതിനാൽ തന്നെ രോഗാവസ്ഥ തിരിച്ചറിയാൻ വൈകുന്നത് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും.
തലവേദന, തലകറക്കം, നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. അമിതവണ്ണം, ഉറക്കക്കുറവ്, പുകവലി, മദ്യപാനം, മാനസിക സമ്മർദ്ദം, പാരമ്പര്യം അനാരോഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങീ പല കാരണങ്ങളാൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം. എന്നാൽ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. അതിനായി പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.
ബ്രൊക്കോളി
ബ്രൊക്കോളിയിൽ പൊട്ടാസ്യവും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബ്രൊക്കോളി ഗുണം ചെയ്യും.
ക്യാബേജ്
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ക്യാബേജ്. ഇതിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തസമ്മർദ്ദമുള്ളവർ ഭക്ഷണക്രമത്തിൽ ക്യാബേജ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചീര
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. കൂടാതെ നൈട്രേറ്റും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർ ടെൻഷൻ കുറയ്ക്കാന്‍ സഹായിക്കും.
ക്യാരറ്റ്
പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ക്യാരറ്റ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് കഴിക്കുന്നത് ഗുണകരമാണ്. അതിനാൽ പതിവായി ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്താം.
ബീറ്റ്റൂട്ട്
നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. രക്തക്കുഴലുകൾക്ക് വിശ്രമം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്.
മധുരക്കിഴങ്ങ്
പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ ഇത് ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.
തക്കാളി
പൊട്ടാസ്യത്തിന്‍റെ സമ്പന്ന ഉറവിടമാണ് തക്കാളി. കൂടാതെ മഗ്നീഷ്യം, ഫൈബർ, വിറ്റാമിനുകൾ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യും.
ഗ്രീൻ ബീൻസ്
ഗ്രീൻ ബീൻസിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ബീൻസിൽ അടങ്ങിയിട്ടുള്ള ഫൈബർ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫലം ചെയ്യും.
അവലംബം: https://pmc.ncbi.nlm.nih.gov/articles/PMC10349693/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം; ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...