ആർത്തവ സമയത്തെ വയറുവേദന വളരെ സാധാരണയാണ്. മിക്കവരിലും ഇത് ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കാറുണ്ട്. എന്നാൽ ഇതിന്‍റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. ആർത്തവത്തിന് മുമ്പായി ഗർഭപാത്രത്തിൽ രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുകയും ഗർഭപാത്രം ചുരുങ്ങാനും സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡുകൾ. ഇതിന്‍റെ അളവ് കൂടുമ്പോഴാണ് കഠിനമായ വയറുവേദന, പേശിവലിവ് എന്നിവയ്ക്ക് കാരണമാകുന്നത്.
ചില വേദനാസംഹാരികൾ ഇതിന് പരിഹാരം നൽകാറുണ്ട്. എന്നാൽ പതിവായുള്ള വേദനാസംഹാരികളുടെ ഉപയോഗം മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കും. അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ അകറ്റാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പോഷകാഹാരങ്ങൾ നിങ്ങളെ സഹായിക്കും. അതിനായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെയെന്ന് നോക്കാം.
നിലക്കടല
വിറ്റാമിൻ ബി 6, പ്രോട്ടീൻ, ഫൈബർ തുടങ്ങിയവയുടെ ഒരു സമ്പന്നമായ ഉറവിടമാണ് നിലക്കടല. ആർത്തവ സമയത്ത് നിലക്കടല കഴിക്കുന്നത് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
നാരങ്ങ, മാങ്ങ
വിറ്റാമിന്‍ സി, അയേൺ ഉൾപ്പെടെയുള്ള ധാതുക്കൾ ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളാണ് നാരങ്ങയും മാങ്ങയും. ആർത്തവ സമയത്ത് ചായ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പകരം ഓറഞ്ച് ജ്യൂസോ മാങ്കോ ജ്യൂസോ കുടിക്കുന്നതാണ് നല്ലത്.
തൈര്, മോര്
തൈര്, മോര് എന്നിവയിൽ വിറ്റാമിന് ബിയും കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദന നിയന്ത്രിക്കാൻ സഹായിക്കും. പതിവായി ഒരു ഗ്ലാസ് മോരോ തൈരോ കുടിക്കുന്നത് ശരീരത്തിലെ നല്ല ബാക്‌ടീരിയകളെ വർധിപ്പിക്കാൻ ഗുണം ചെയ്യും.
ഈന്തപ്പഴം, കറുത്ത ഉണക്കമുന്തിരി
ഈന്തപ്പഴമോ കറുത്ത ഉണക്കമുന്തിരിയോ കഴിക്കുന്നത് ആർത്തവ സമയത്തെ വേദന നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
റാഗി
ആർത്തവ സമയത്ത് റാഗി കഴിക്കുന്നത് നല്ലതാണ്. റാഗിയിൽ ശരീരത്തിന് ആവശ്യമായ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദന കുറയ്ക്കുകയും ശരീരത്തെ സജീവമായി നിലനിർത്താനും നല്ലതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.