തിരുവനന്തപുരം: അപൂര്‍വ രോഗ ചികിത്സ രംഗത്ത് കേരളത്തിന്‍റേത് നിര്‍ണായക ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം രോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും ചികിത്സകള്‍ ലഭ്യമാക്കുന്നതിനും സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വ രോഗ പരിചരണത്തിനായുള്ള 'കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്' പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. 2021ലെ ദേശീയ അപൂര്‍വ രോഗനയ പ്രകാരം ദേശീയതലത്തില്‍ 11 കേന്ദ്രങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കേന്ദ്രം എസ്എടി ആശുപത്രിയാണ്. ഇതിനായി 3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നയ പ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പരിചരണത്തിന് ഒരു സമഗ്ര നയരൂപീകരണം ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉയര്‍ന്ന സാമ്പത്തിക ചെലവിന്‍റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. നഗരങ്ങളില്‍ സാധാരണ ഗതിയില്‍ ജീവിത ചെലവ് താരതമ്യേന കൂടുതലാണ്. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. അതുകൊണ്ടു തന്നെയാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായി നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവില്‍ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതില്‍ 42 എണ്ണമാണ് നാടിന് സമര്‍പ്പിക്കുന്നത്.
മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ വളരെയേറെ കൂടുന്നുണ്ട്. ചികിത്സയും മരുന്നുകളും ഒരുക്കുന്നത് പോലെ തന്നെ പ്രധാനമാണ് രോഗ പ്രതിരോധത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതും. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസോലേഷന്‍ വാര്‍ഡുകള്‍. ഇത് കഴിഞ്ഞ കൊവിഡ് കാലത്ത് പരിചിതമാണ്. ആ മാതൃകയില്‍ സംസ്ഥാനത്തെമ്പാടും ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുകയാണ്. 140 മണ്ഡലങ്ങളിലും ഇതിനായുള്ള ആരോഗ്യ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 250 കോടി രൂപയാണ് ഇതിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ശതമാനം തുക കിഫ്ബി മുഖേനയും 50 ശതമാനം തുക എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് മുഖേനയുമാണ് ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനവ വികസന സൂചികയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം. ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള സാമൂഹിക പുരോഗതി നേടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.