ഇടുക്കി : ജില്ലയിൽ കോളറ പടരുന്നത് തടയാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല സർവലയൻസ് ഓഫിസർ. 'വിബ്രിയോ കോളറ' എന്നയിനം ബാക്‌ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വരെ രോഗം പ്രകടമായി തുടങ്ങും.
പെട്ടെന്നുള്ള കഠിനമായതും വയറുവേദന ഇല്ലാത്തതും കഞ്ഞിവെള്ളത്തിന്‍റെ രൂപത്തിലുള്ളതുമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പെട്ടെന്ന് ഗുരുതരമാകും.
വയറിളക്കം പിടിപെട്ടാൽ തുടക്കത്തിൽ തന്നെ ചികിത്സ നല്‍കി ഗുരുതരമാകാതെ തടയാനാകും. ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് ഗുളികകൾ ലഭ്യമാണ്.
പ്രതിരോധ മാർഗങ്ങൾ
- വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക.
- കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ജലം ശുദ്ധമായിരിക്കണം.
- നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.
- തിളപ്പിച്ചാറിയ വെള്ളത്തിൽ പച്ചവെള്ളം കൂടിചേർത്ത് ഉപയോഗിക്കരുത്.
- ആഹാരത്തിന് മിൻപും ശേഷവും, ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.
- ഭക്ഷണസാധനങ്ങൾ അടച്ച് സൂക്ഷിക്കണം.
Also Read: കോളറ തടയാന്‍ കൂടുതല്‍ കരുതല്‍: പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?