ഗുജറാത്തില്‍ എട്ട് കുട്ടികളുടെ ജീവനെടുത്ത ചാന്ദിപുര വൈറസ് രാജസ്ഥാനിലേക്കും പടര്‍ന്നിരിക്കുകയാണ്. തെക്കൻ രാജസ്ഥാനിലെ ഗോത്രമേഖലയിലെ രണ്ട് കുട്ടികളിലാണ് ചന്ദിപുര വൈറസിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. എന്നാൽ ഒരു കുട്ടി ചികിത്സയ്ക്കിടെ മരിച്ചു, മറ്റേ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. നിലവില്‍ ഇന്ത്യയുടെ മധ്യഭാഗത്താണ് വൈറസ് പടര്‍ന്ന് പിടിക്കുന്നതെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്.
പ്രസ്‌തുത സാഹചര്യത്തില്‍ ചന്ദിപുര വൈറസിനെക്കുറിച്ച് വിശദമായി അറിയാം. റാബീസ് കുടുംബത്തിൽ പെട്ട മണൽ ഈച്ചകൾ, കൊതുകുകൾ തുടങ്ങിയവയിലൂടെ പകരുന്നതാണ് ചാന്ദിപുര വൈറസ്. മഹാരാഷ്‌ട്രയിലെ ചാന്ദിപുരയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
14 വയസുവരെയുള്ള കുട്ടികളെ രോഗം മാരകമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങൾ ദ്രുതഗതിയില്‍ കണ്ടുതുടങ്ങും. 12 മുതൽ 24 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങള്‍ സംഭവിക്കുമെന്നും 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്നും വിദഗ്‌ധർ പറയുന്നു.
ചാന്ദിപുര വൈറസ് പകരുന്നത് എങ്ങനെ ?
1) രോഗബാധിതമായ മണൽ ഈച്ചകളിലൂടെ രോഗം മനുഷ്യരിലേക്ക് പകരും. ഈ വൈറസ് പരത്തുന്ന മണല്‍ ഈച്ചകള്‍ക്ക് രോമാവൃതമായ ശരീരവും ചെറിയ ചിറകുകളുമാണുള്ളത്. രാത്രിയിലാണ് ഇവ സജീവമാവുക. മണല്‍ ഈച്ചകള്‍ കടിച്ച ഭാഗത്ത് ചുവപ്പും വീക്കവും ഉണ്ടാക്കും.
2) ഇളം ചൂടുള്ളതും ഈർപ്പമുള്ള കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മൺസൂൺ കാലത്തും അതിന് ശേഷവും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3) കൊതുക് കടിയിലൂടെ രോഗം പകരും
4) ചാണകം മണല്‍ ഈച്ചകളുടെ ലാർവകളുടെ പ്രധാന തീറ്റയാണ്
ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നതനുസരിച്ച്, CHPV അഥവാ ചാന്ദിപുര വൈറസിന്‍റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ് :
- പെട്ടെന്നുള്ള കടുത്ത പനി, തലവേദന
- ചുഴലി
- തലകറക്കം, മയക്കം
- വയറിളക്കം
- ഛർദ്ദി
ചാന്ദിപുര വൈറസ് കേസുകൾ രജിസ്റ്റർ ചെയ്‌ത ഗുജറാത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർ മസ്‌തിഷ്‌ക വീക്കവും വൈറസിന്‍റെ ലക്ഷണമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗം എങ്ങനെ തടയാം?
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാല്‍ ഉടൻ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണം. ഹൃദയാഘാതം നിയന്ത്രിക്കാന്‍ ഐവി ഫ്ലൂയിഡ് പോലുള്ള സഹായ ചികിത്സകൾ എത്രയും വേഗം രോഗിക്ക് ഉറപ്പാക്കേണ്ടതുണ്ട്. കൊതുകുകളുടെയും മണൽ ഈച്ചകളുടെയും നിര്‍മാര്‍ജനത്തിനുമുള്ള നടപടി ഊർജിതമാക്കണം.