ഇന്ന് എല്ലാപ്രായക്കാരിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധ്യമായ എല്ലാ പരീക്ഷിക്കുന്നവരാണ് പലരും. ചില രോഗികൾ മരുന്നിന്‍റെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്ന് പ്രമേഹത്തെ നിയന്ത്രിക്കാറുണ്ട്. എന്നാൽ ചിലർ മരുന്ന് കഴിക്കുകയും ഭക്ഷണം നിയന്ത്രിക്കാതിരിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. എന്നാൽ പ്രമേഹ രോഗികൾക്ക് മദ്യപിക്കാൻ പാടുണ്ടോ ? മദ്യപാനം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു ? ഇതിനുള്ള ഉത്തരം നൽകുകയാണ് ജനറൽ ഫിസിഷ്യൻ ഡോ മനോഹർ. വിശദമായി അറിയാം.
പ്രമേഹ രോഗികൾക്ക് മദ്യം കഴിക്കാമോ?
പ്രമേഹ രോഗികൾ ഒരു കാരണവശാലും മദ്യം കഴിക്കരുതെന്ന് ജനറൽ ഫിസിഷ്യൻ ഡോ. മനോഹർ പറയുന്നു. പ്രമേഹ ബാധിതർ മദ്യം കഴിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് സഹായിക്കുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ ഇത് മിഥ്യാധാരണയാണെന്ന് മനോഹർ പറയുന്നു.
"പ്രമേഹ രോഗികളിൽ പൊതുവെ നാഡികൾ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനം ഈ പ്രശ്‍നം കൂടുതൽ സങ്കീർണമാക്കുന്നു. മദ്യത്തിന്‍റെ ഉപയോഗം നാഡീവ്യൂഹത്തിന് കേടുപാടുകൾ ഉണ്ടാകുകയും ഞരമ്പുകളിൽ പ്രകോപനം അനുഭവപ്പെടാനും ശരീരത്തിൽ മുറിവുണ്ടെകിൽ പഴുപ്പുണ്ടാകാനും കാരണമാകുന്നു. മുറിവുകൾ വിരലിലാണെങ്കിൽ ഇത് ഉണങ്ങാൻ വളരെയധികം കാലതാമസമെടുക്കുകയും ചിലപ്പോൾ വിരലുകൾ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന്" ഡോ. മനോഹർ വ്യക്തമാക്കുന്നു.
മദ്യത്തിന്‍റെ ഉപയോഗം പ്രമേഹ ബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന് ഡോ മനോഹർ പറയുന്നു. 2018-ൽ 'ഡയബറ്റിസ് കെയർ ജേണലിൽ' പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രമേഹ രോഗികൾ മദ്യം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കൂടുന്നതായി കണ്ടെത്തി.
മദ്യപാനം ഉപേക്ഷിക്കാൻ കഴിയാതെ വരുമ്പോൾ എന്ത് ചെയ്യും?
പ്രമേഹമുള്ളവർ മദ്യപിക്കുമ്പോൾ ഭക്ഷണത്തിന് മുൻപ് ചെറിയ അളവിൽ മാത്രം മദ്യം കഴിക്കുക. മദ്യപാനം ഒഴിവാക്കുകയും ഭക്ഷണശേഷം മരുന്ന് കഴിക്കുകയും ചെയ്യുമ്പോൾ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. അതേസമയം ഭക്ഷണം ശേഷം മരുന്ന് കഴിച്ച രോഗികൾ മദ്യപിക്കുമ്പോൾ രോഗം സങ്കീർണമാക്കാൻ കാരണമാകുന്നു. കൂടാതെ ഭക്ഷണ ശേഷം മരുന്ന് കഴിക്കാതിരുന്നാൽ ഗ്ലൂക്കോസ് അളവ് കുറയാനും ഹൈപ്പോഗ്ലൈസീമിയ വരാനും സാധ്യത കൂടുതലാണെന്ന് ഡോ മനോഹർ പറയുന്നു. ഇത് വളെര അപകടകരമായ ഒരു അവസ്ഥയാണ്.
പ്രമേഹ രോഗികൾ മദ്യപാനം പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. സങ്കീർണതകൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുന്നതും ഗുണം ചെയ്യും. വ്യായാമം പതിവാക്കുക, നല്ല ഉറക്കം ലഭ്യമാക്കുക, കൃത്യ സമയത്ത് മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവ ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്ന പ്രമേഹ രോഗികൾ നിർബന്ധമായും പിന്തുടരേണ്ടതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാം വിളർച്ചയോട് നോ പറയാം; ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ