പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിരവധി ഭക്ഷണം കഴിക്കുന്നവരാണല്ലേ നമ്മൾ. ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക് ഫുഡ്‌സ് (കറുത്ത നിറത്തിലുള്ള ഭക്ഷണം). ബ്ലാക്ക് ഫുഡ്‌സ് എന്ന പദം നമ്മളിൽ പലരും കേട്ടിരിക്കില്ല. ഈ ഭക്ഷണങ്ങളുടെ നിറം ഇരുണ്ടതാണെങ്കിലും ഇതിന്‍റെ ഗുണങ്ങളേറെയാണ്.
കറുപ്പ്, നീല, അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിൽ കാണപ്പെടുന്ന ഈ ഭക്ഷണങ്ങളിൽ ആന്തോസയാനിൻ എന്ന പിഗ്‌മെന്‍റുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്‍റി ഓക്‌സിഡന്‍റുകൾ, ഫൈബറുകൾ, ന്യൂട്രിയന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണിവ. ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വർധിക്കുകയും രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ശരീരത്തിന് ശക്തി ലഭിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
കറുത്ത അരി: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ അരിയുടെ നിറം കറുത്തതാണ്. ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയ ഒന്നാണ് ബ്ലാക്ക് റൈസ്. ആന്തൊസയാനിനുകള്‍ എന്നറിയപ്പെടുന്ന ഈ ആന്‍റി ഓക്‌സിഡന്‍റുകളാണ് ഇതിന് ഈ കറുപ്പ് നിറം നല്‍കുന്നത്. കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല കറുത്ത അരിയിൽ അടങ്ങിയിരിക്കുന്ന നാരുകളും ആന്‍റി ഓക്‌സിഡന്‍റുകളും ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു. പുലാവ്, ബിരിയാണി, ഖീർ, പുട്ട്, ദോശ, ഇഡ്‌ലി, കൂടാതെ സാലഡുകൾ തയ്യാറാക്കാനും ബ്ലാക്ക് റൈസ് ഉപയോഗിക്കും.
കറുത്ത പയർ: ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കറുത്ത പയർ അഥവ ബ്ലാക്ക് ലെന്‍റിൽസ്. കലോറി കുറവായ ഒരു ഭക്ഷണ പദാർഥമാണിത്. ദാൽ മഖാനി, ലഡു തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാനാണ് ബ്ലാക്ക് ലെന്‍റിൽസ് ഉപയോഗിക്കുക. നാരുകൾ, ഇരുമ്പ്, ഫോളേറ്റ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണിത്.
ഇത് ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പിന്‍റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ഇവ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം മസില്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും നല്‍കുന്നുണ്ട്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ കറുത്ത പയർ നല്ലതാണ്.
കറുത്ത വെളുത്തുള്ളി (ബ്ലാക്ക് ഗാർലിക്ക്): വെളുത്ത നിറത്തിലുള്ള വെളുത്തുള്ളി നമുക്ക് സുപരിചിതമായിരിക്കും എന്നാൽ ബ്ലാക്ക് ഗാർലിക്കിനെ കുറിച്ച് അറിയുന്നവർ ചുരുക്കമായിരിക്കും. കറുത്ത വെളുത്തുള്ളിയും വിപണിയിൽ ലഭ്യമാണ്. ന്യൂഡിൽസ്, സൂപ്പ് എന്നിവ തയ്യാറാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. കറുത്ത വെളുത്തുള്ളിയിലെ ആൻ്റി ഓക്‌സിഡൻ്റുകളും മറ്റ് ഗുണങ്ങളും ആൻ്റി-കാർസിനോജെനിക് ഏജൻ്റായി പ്രവർത്തിക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കറുത്ത ഒലിവ് (ബ്ലാക്ക് ഒലിവ്): കറുത്ത ഒലിവ് ഉപയോഗിച്ചുള്ള അച്ചാറുകളിലും പാനീയങ്ങളിലും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും കൂടുതലാണ്. കണ്ണിൻ്റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇവ ചർമ്മത്തിനും മുടിക്കും ആരോഗ്യം പകരുന്ന ഒരു ഭക്ഷണപദാർഥമാണ്.
കറുത്ത കൂൺ (ബ്ലാക്ക് മഷ്‌റൂംസ്): കരളിന്‍റെയും വയറിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ബ്ലാക്ക് മഷ്‌റൂംസ്. ഇവ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
കുരുമുളക്: കൊഴുപ്പിൻ്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിന് ഏറെ സഹായകമായ ഒന്നാണ് കുരുമുളക്. ഇത് ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു. കുരുമുളകിൽ ആന്‍റി ബാക്‌ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു. മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒരു മികച്ച ആന്‍റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.
ബ്ലാക്ക് ബെറികൾ: വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ് ബ്ലാക്ക് ബെറിസ്. ഈ പഴങ്ങൾ പല്ല്, നാക്ക് എന്നിവയുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ പ്രവർത്തനത്തിനും നല്ലതാണ്. ഈ കറുത്ത ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാകും.
മാത്രമല്ല ഇതില്‍ കലോറി കുറവാണ്. നാരുകള്‍ അടങ്ങിയ ബ്ലാക്ക് ബെറികൾ ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ വൈറ്റമിന്‍ സി, ആന്തോസയാനിനുകള്‍ എന്നിവ ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും നല്ലതാണ്. ഇതിലെ നാച്വറല്‍ മധുരം ഭക്ഷണത്തോടുള്ള അമിതാസക്തി കുറയ്ക്കാനും നല്ലതാണ്. മധുരത്തിന് പകരം കഴിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്.
Also Read: ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടവ; പോഷകസമ്പുഷ്‌ടമാണ് ഈ വിത്തുകൾ