ഹൈദരാബാദ് : നടത്തം മികച്ചൊരു വ്യായാമം ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. നടത്തം ശീലമാക്കിയവരും നിരവധിയാണ്. അല്‍പം ഒന്നു നടന്നാല്‍, ഒന്ന് വിയര്‍ത്താല്‍ ശരീരത്തിന് ഒരുണര്‍വ് കിട്ടുമെന്നതില്‍ തര്‍ക്കമില്ല.
മോണിങ് വാക്കിനു പോകുന്നവരും ഈവനിങ് വാക്കിന് പോകുന്നവരും ഇത് രണ്ടും പരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഏത് സമയത്ത് നടക്കുന്നതാണ് ഗുണം ചെയ്യുക എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എവിടെയും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും ചെലവൊന്നും ഇല്ലാത്തതുമായ നടത്തമെന്ന വ്യായാമം അത്ര നിസാരമായി കാണേണ്ട. വിദഗ്‌ധര്‍ പറയുന്നത് എന്താണെന്ന് അറിയാം.
ആരോഗ്യമുള്ള ശരീരത്തിന് എപ്പോള്‍ നടക്കണം : ദിവസേന നടക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ശരീരത്തെ ഫിറ്റ് ആക്കുന്നതിനൊപ്പം ദിവസം മുഴുവന്‍ ശരീരത്തെ ഊര്‍ജസ്വലമാക്കി നിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ബിപി നിയന്ത്രണ വിധേയമാക്കുകയും ഭാരം നിയന്ത്രിക്കുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പുറമെ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു എന്നതും പ്രധാനമാണ്.
എന്നാല്‍ ഏത് സമയത്ത് നടന്നാല്‍ മികച്ച ഗുണം ചെയ്യും എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. പഠനങ്ങള്‍ അനുസരിച്ച് നടക്കുന്ന സമയത്തെ അപേക്ഷിച്ച് ഗുണങ്ങള്‍ വ്യത്യസ്‌തമായിരിക്കും. രാവിലെയും വൈകുന്നേരവും നടക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്, എന്നാല്‍ ഈ രണ്ടു സമയങ്ങളിലെ നടത്തങ്ങളില്‍ ഏതാണ് കൂടുതല്‍ ഗുണം ചെയ്യുന്നത് എന്ന് നോക്കാം.
പ്രഭാതത്തില്‍ നടന്നാല്‍... : ഭൂരിഭാഗം ആളുകളും മോണിങ് വാക്ക് അഥവ പ്രഭാത സവാരി ഇഷ്‌ടപ്പെടുന്നവരാണ്. രാവിലെ ലഭിക്കുന്ന സൂര്യ പ്രകാശത്തില്‍ നടക്കുന്നത് പല ആരോഗ്യകരമായ ഗുണങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശത്തില്‍ നിന്നാണ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും എല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു.
ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ നിരക്ക് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് തന്നെ കലോറി വേഗത്തില്‍ ഇല്ലാതാകും. ഇതിനെല്ലാം പുറമെ ഉറക്കം മെച്ചപ്പെടാനും പ്രഭാത നടത്തം സഹായിക്കും.
മാനസിക സമ്മര്‍ദം കുറക്കാനും മനസിന് സമാധാനം ലഭിക്കാനും പ്രഭാത നടത്തം നല്ലതാണ്. ജേണല്‍ ഓഫ് ഫിസിക്കല്‍ ആക്‌ടിവിറ്റി ആന്‍ഡ് ഹെല്‍ത്തില്‍ 2014ല്‍ പ്രസിദ്ധീകരിച്ച പഠനം പ്രഭാത നടത്തം മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പറയുന്നു. രാവിലെ നടത്തം ശീലമാക്കിയവര്‍ അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കും.
കൂടാതെ പ്രഭാതത്തിലെ ശുദ്ധമായ വായു ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട കാര്യം, ശൈത്യകാലത്ത് പ്രഭാത നടത്തം അല്‍പം ബുദ്ധിമുട്ടാണ്. തണുപ്പ് കാരണം സന്ധിവേദന വരാനുള്ള സാധ്യതയുണ്ട്.
സയാഹ്ന നടത്തം നല്ലതോ? ഗുണവും ദോഷവും : വൈകുന്നേരം നടക്കാനിറങ്ങുന്ന ആ ദിവസത്തെ ക്ഷീണവും സമ്മര്‍ദവും ഇല്ലാതാക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു. സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച 2010ലെ പഠനത്തില്‍ വൈകിട്ടത്തെ നടത്തം മാനസിക സമ്മര്‍ദവും ഉത്‌കണ്‌ഠയും കുറയ്‌ക്കുമെന്നും പറയുന്നു. മാംസപേശികള്‍ക്ക് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.
ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും വൈകിട്ടത്തെ നടത്തം നല്ലതാണ്. എന്നാല്‍ പകല്‍ മുഴുവന്‍ ഉണ്ടായ മലിനീകരണം ആരോഗ്യത്തെ ബാധിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. അതിനാല്‍ പ്രഭാത നടത്തമാണ് കൂടുതല്‍ ഉത്തമമെന്ന് വിദഗ്‌ധര്‍ പറയുന്നു.