കോഴിക്കോട്: അയോർട്ടിക് അന്യൂറിസത്തിനുള്ള എൻഡോവാസ്‌കുലാർ ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളജ് നേട്ടം വരിച്ചു. ഹൃദയത്തിൽ നിന്ന് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന രക്ത ധമനിയാണ് അയോർട്ട. ഈ ധമനി ശക്തി കുറഞ്ഞ് വീർത്തുവരുന്ന അസുഖമാണ് അയോർട്ടിക് അന്യൂറിസം. ശ്രദ്ധിക്കാതെ പോയാൽ ശ്വാസകോശത്തിലോ വയറിലോ രക്തസ്രാവമുണ്ടായി മരണത്തിനു വരെ കാരണമായേക്കാം.
അയോർട്ടിക് അന്യൂറിസത്തിനു ശസ്ത്രക്രിയ കൂടാതെ, കാലിലെ രക്തധമനി വഴി സ്‌റ്റെന്‍റ് കടത്തി വിടുന്ന ചികിത്സയാണ് (എൻഡോവാസ്ക്കുലാർ അയോർട്ടിക് റിപ്പയർ ) അഥവാ ഇ വി ഇ ആർ ചികിത്സ. മെഡിക്കൽ കോളജിലെ ഇന്‍റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ 100 രോഗികൾക്ക് ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ സജിത്കുമാർ അറിയിച്ചു.
മുൻകാലങ്ങളിൽ ഈ അസുഖം ഭേതമാക്കാൻ ശ്വാസകോശത്തിലോ വയറോ തുറന്ന് ചെയ്യുന്ന മേജർ സർജറി വേണ്ടിവരുമായിരുന്നു. കൂടാതെ രോഗി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ട അവസ്ഥയും ഉണ്ടാകും.
ഇത് സാധാരണക്കാരായ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസമാണ് സൃഷ്‌ടിച്ചിരുന്നത്.
എന്നാൽ എൻഡോവാസ്‌കുലാർ ചികിത്സയിൽ, കാലിലെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന പിൻ ഹോൾ (6 മില്ലി മീറ്റർ വ്യാസം ) വഴിയാണ് ചികിത്സ. അതിനാൽ 24 മണിക്കൂറിനുള്ളിൽ രോഗിയെ ഡിസ്‌ചാർജ് ചെയ്യാനും സാധിക്കും.
ഈ ട്രീറ്റ്‌മെന്‍റ് വഴി 90 ശതമാനം അയോർട്ടിക് അന്യൂറിസവും ചികിൽസിക്കാൻ സാധിക്കും. ഈ ചികിത്സയിലെ നൂതന മാർഗങ്ങളായ ബ്രാഞ്ച് ഡിവൈസ് ഈവാർ, ഫെനെസ്ട്രേഷൻ ഈവാർ, ചിമ്മിണി ഈവാർ എന്നിവയും ചുരുക്കം ചില രോഗികൾക്ക് നൽകിയിട്ടുണ്ട്. 4 മുതൽ 7 ലക്ഷം രൂപ വരെയാണ് ചികിത്സ ചെലവ്. ഇതിൽ കാസ്‌പ് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കും.
പ്രിൻസിപ്പൽ ഡോ സജീത് കുമാർ, സർജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ ശ്രീജയൻ, കാർഡിയോതൊറാസിക് സർജറി വിഭാഗം മേധാവി ഡോ രാജേഷ്, അനെസ്തെഷ്യ വിഭാഗം മേധാവി ഡോ രാധ, റേഡിയോളജി വിഭാഗം മേധാവി ഡോ ദേവരാജൻ, ഇന്‍റർവെൻഷണൽ റേഡിയോളജിസ്‌റ്റ് ഡോ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.
Also Read: