മലയാള സിനിമയിലെ സ്‌ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്‍റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. സിനിമ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്‌ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യൂസിസി. ഫേസ്‌ബുക്കിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. ഇത് സ്‌ത്രീകളുടെ ശബ്‌ദമാണെന്നും റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചു.
'ഇത് ഞങ്ങള്‍ക്കൊരു നീണ്ട യാത്രയാണ്. സിനിമ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്‌ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യൂസിസിയുടെ മറ്റൊരു ചുവടുവയ്‌പ്പാണ്. സിനിമ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്‍റെ ഒരു റിപ്പോര്‍ട്ട് സിനിമ ചരിത്രത്തില്‍ ഇതാദ്യമാണ്.
ജസ്‌റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യൂസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്‌ത്രീകളുടെ ശബ്‌ദമാണ്. നിര്‍ബന്ധമായും കേള്‍ക്കണം.' -ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചു.
പ്രതിഫലം മുതല്‍ കാസ്‌റ്റിംഗ് കൗച്ച് വരെ നീളുന്ന അതിക്രമങ്ങളുടെ പുറത്തു വരാത്ത കഥകളാണ് 235 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് പവര്‍ ഗ്രൂപ്പുകളെന്ന പേരിലറിയപ്പെടുന്ന മാഫിയ സംഘമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ പ്രധാന നടന്മാരും ഉള്‍പ്പെടുന്നു. സംവിധായകര്‍ക്കും നിര്‍മ്മാതാകള്‍ക്കുമെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
മികച്ച അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി കൊടുക്കുക, പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും പിന്നീട് അവസരം നല്‍കാതെയും ഉപദ്രവിക്കുക, രാത്രിയില്‍ ഹോട്ടല്‍ റൂമിലെ കതക് തള്ളി തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുക, സിനിമ രംഗങ്ങളില്‍ നിര്‍ബന്ധിത നഗ്നതാ പ്രദര്‍ശനം, ഇത്തരത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഭീഷണി, ഒരു താരത്തിന്‍റെ ഫാന്‍സുകാരെ മറ്റൊരു താരം കാശ് കൊടുത്തു വാങ്ങുക എന്നിങ്ങനെ നിരവധി ഗുതുരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വഴങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് കോഡ് ഭാഷ, വനിതാ നിര്‍മ്മാതാകള്‍ക്ക് സീനിയര്‍ നടന്മാര്‍ വക പരിഹാസം, ലൈംഗികച്ചുവ കലര്‍ന്ന കമന്‍റുകള്‍, ആസൂത്രിതമായ സൈബര്‍ ആക്രമണം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല, സാങ്കേതിക മേഖലകളില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്‌ഠ്, സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ തടസം നില്‍ക്കുക എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിശദീകരിച്ചു. പരാതികള്‍ ഉന്നയിക്കാനുള്ള പ്രശ്‌ന പരിഹാര കമ്മിറ്റികള്‍ വെറും ഡമ്മികളാണെന്നും കമ്മിറ്റിക്ക് മൊഴി ലഭിച്ചു.