വിഷ്‌ണു ഉണ്ണികൃഷ്‌ണൻ പ്രധാന കഥാപാത്രമായി പുതിയ സിനിമ വരുന്നു. കിരൺ നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ബിരിയാണി കിസ്സ'ക്ക് ശേഷം കിരൺ നാരായണൻ ഒരുക്കുന്ന സിനിമയാണിത്. ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം താരകാര പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
സൂപ്പർമാൻ്റെ കഥകൾ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ഇവരുടെ ഏറ്റവും വലിയ മോഹം സൂപ്പർമാനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ്. ഒടുക്കം അവർ സിനിമ സംവിധായകനാവാനുള്ള മോഹവുമായി നടക്കുകയും ഷോർട്ട് ഫിലിമുകളും മറ്റും ചെയ്‌ത് പോരുകയും ചെയ്യുന്ന നാട്ടിൽത്തന്നെയുള്ള ഒരു യുവാവിൻ്റെയടുത്ത് സഹായം തേടുകയാണ്.
അങ്ങനെ ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരൻ കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ അവർക്കൊപ്പം കൂടുന്നു. വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീപദ്, ധ്യാൻ നിരഞ്ജൻ, വിസാദ് കൃഷ്‌ണൻ, അറിഷ് എന്നിവർ കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൂപ്പർമാൻ ചിത്രമൊരുക്കാൻ സംവിധായകനും കുട്ടികളും നടത്തുന്ന ശ്രമങ്ങൾ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, വിജിലേഷ്, ബിനു തൃക്കാക്കര, അഞ്ജലി നായർ എന്നിവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കിരൺ നാരായണൻ തന്നെയാണ് ഈ സിനിമയ്‌ക്ക് തിരക്കഥയും ഒരുക്കുന്നത്.
കൈതപ്രത്തിൻ്റെ വരികൾക്ക് സംഗീതം പകരുന്നത് രഞ്ജിൻ രാജാണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഷിബു രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർ- സഞ്ജയ് കൃഷ്‌ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ- ചന്ദ്രമോഹൻ എസ് ആർ. ഏപ്രിൽ 21 ന് കോഴിക്കോട് ഈ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാവും.
Also Read: 'എ പാൻ ഇന്ത്യൻ സ്‌റ്റോറി'യുമായി വി സി അഭിലാഷ്; നായകൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ