ഹൈദരാബാദ് : സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുഗു ഫാന്‍റസി ചിത്രം 'കണ്ണപ്പ' വീണ്ടും വാർത്തകളിൽ നിറയുന്നു. ചിത്രത്തിന്‍റെ ടീസർ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് നായകനായ വിഷ്‌ണു മഞ്ചു പുറത്തുവിട്ടതോടെയാണ് 'കണ്ണപ്പ'യുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്. 'കണ്ണപ്പ' ടീസർ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ അനാവരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിഷ്‌ണു മഞ്ചു.
2024 മെയ് 20നാണ് ടീസർ പുറത്തുവിടുക. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്. ''മെയ് 20-ന് 'കണ്ണപ്പയുടെ ലോകം' നിങ്ങളെ എല്ലാവരേയും കാണിക്കുന്നത് വരെ കാത്തിരിക്കാനാവില്ല. ടീസർ കാൻ ഫിലിം ഫെസ്റ്റിവലിൽ ലോഞ്ച് ചെയ്യും''- വിഷ്‌ണു മഞ്ചു കുറിച്ചു. സിനിമയുടെ പുതിയ പോസ്റ്ററും താരം പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിൽ കയ്യിൽ ആയുധവുമേന്തി നിൽക്കുന്ന 'കണ്ണപ്പ'യുടെ പാതിരൂപം കാണാം.
വിഷ്‌ണു മഞ്ചുവിന്‍റെ ഡ്രീം പ്രൊജക്റ്റായി കണക്കാക്കുന്ന സിനിമ കൂടിയാണ് 'കണ്ണപ്പ'. ശിവന്‍റെ ഭക്തനായി രൂപാന്തരപ്പെടുന്ന വേട്ടക്കാരനായ കണ്ണപ്പയുടെ ആകർഷകമായ കഥയാണ് ഈ ചിത്രം വിവരിക്കുന്നത്. പുരാണത്തിൽ പ്രതിപാദിക്കുന്ന, ശിവനോടുള്ള തന്‍റെ അചഞ്ചലമായ സമർപ്പണത്തെ പ്രകടമാക്കി ഭക്തിയുടെ പാരമ്യത്തിൽ സ്വന്തം കണ്ണുകൾ പറിച്ചെടുക്കുന്ന കണ്ണപ്പയുടെ കഥയാണ് ഈ ചിത്രം പിന്തുടരുന്നത്.
മുകേഷ് കുമാർ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ ഈ സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. ഒപ്പം തെലുഗു സൂപ്പർസ്റ്റാർ പ്രഭാസും ബോളിവുഡ് നടൻ അക്ഷയ് കുമാറും കണ്ണപ്പയിൽ അതിഥി വേഷങ്ങളിലുണ്ട്. കൂടാതെ വിഷ്‌ണു മഞ്ചുവിന്‍റെ പിതാവും തെലുഗു നടനുമായ മോഹന്‍ ബാബുവും (Mohan Babu) ഈ സിനിമയില്‍ സുപ്രധാന വേഷത്തിലുണ്ട്.
ഈ വർഷം തന്നെ 'കണ്ണപ്പ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിൽ തന്നെ പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് 'കണ്ണപ്പ'. തെലുഗുവിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്കും ഈ ചിത്രം മൊഴിമാറ്റം ചെയ്യും.