അഞ്‌ജന ഫിലിംസ്, വാർസ് സ്‌റ്റുഡിയോ എന്നിവയുടെ ബാനറിൽ അഞ്‌ജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ നിർമിക്കുന്ന പുതിയ സിനിമയ്‌ക്ക് തുടക്കം. 'തെക്ക് വടക്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടാണ് നടക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതാദ്യമായാണ് സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാധവൻ എന്ന കഥാപാത്രമായി വിനായകൻ എത്തുമ്പോൾ ശങ്കുണ്ണിയായാണ് സുരാജ് വേഷമിടുന്നത്. കെഎസ്ഇബി എഞ്ചിനീയറാണ് മാധവൻ. ശങ്കുണ്ണിയാകട്ടെ അരി മിൽ ഉടമയും. പ്രേം ശങ്കറാണ് 'തെക്ക് വടക്ക്' സിനിമ സംവിധാനം ചെയ്യുന്നത്. എസ് ഹരീഷാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
നർമത്തിനും പ്രധാന്യം നൽകിക്കൊണ്ടാണ് 'തെക്ക് വടക്ക്' അണിയിച്ചൊരുക്കുന്നത്. മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളും ഈ ചിത്രത്തിൽ വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നു.
തമിഴകത്തിന്‍റെ സൂപ്പർ സ്‌റ്റാർ രജനികാന്തിനൊപ്പമുള്ള 'ജയിലറി'ന് ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് 'തെക്ക് വടക്ക്'. വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലാണ് സുരാജ് ഇനി വേഷമിടുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിന്‍റെ 'ചിയാൻ 62' എന്ന് താത്കാലികമായി പേരിട്ട സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യയും പ്രധാന വേഷത്തിലുണ്ട്.
വിനായകൻ - സുരാജ് കൂട്ടുകെട്ട്, നൻപകൽ നേരത്ത് മയക്കത്തിന് ശേഷം എസ് ഹരീഷിന്‍റെ രസകരമായ കഥ, പരസ്യരംഗത്ത് നിന്നുള്ള സംവിധായകൻ പ്രേം ശങ്കർ എന്നിങ്ങനെ അണിയറയിലും അരങ്ങിലും വ്യത്യസ്‌തമായ കോമ്പിനേഷനാണ് 'തെക്ക് വടക്ക്' സിനിമയുടേത് എന്ന് നിർമാതാവ് അഞ്‌ജന ഫിലിപ്പ് പറഞ്ഞു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന രീതിയിലാണ് ഷൂട്ടിങ് പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് വി എ ശ്രീകുമാർ അറിയിച്ചു. ഈ വർഷം ഓണം റിലീസായി സിനിമ തിയേറ്ററിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാം സി എസാണ് ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത്. അൻവർ റഷീദിന്‍റെ 'ബ്രിഡ്‌ജ്' സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് 'കിസ്‌മത്ത്', 'വലിയപെരുന്നാൾ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഈ ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസാണ് ചിത്രസംയോജനം.
പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ : ലക്ഷ്‌മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ് : അമൽ ചന്ദ്രൻ, ആക്ഷൻ : മാഫിയ ശശി, ഡാൻസ് : പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്‌ടർ : അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ : സജി ജോസഫ്, ഫിനാൻസ് കൺട്രോളർ : അനിൽ ആമ്പല്ലൂർ, ഡിസൈൻ : പുഷ് 360 തുടങ്ങിയവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.