എറണാകുളം: നിതിലൻ സാമിനാഥൻ സംവിധാനം ചെയ്‌ത വിജയ് സേതുപതി ചിത്രം 'മഹാരാജ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ഒരു ഇടവേളക്കുശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ബോക്‌സ് ഓഫീസിൽ തിളക്കം സൃഷ്‌ടിക്കുന്നു. ചിത്രത്തിന്‍റെ വിജയാഘോഷത്തിനും പ്രമോഷൻ പരിപാടികൾക്കുമായി കഴിഞ്ഞദിവസം വിജയ് സേതുപതിയും മറ്റ് അണിയറ പ്രവർത്തകരും കേരളത്തിൽ എത്തി.
ദുബായിൽ വീടുകളിൽ പത്രമിട്ട് തുടങ്ങിയതാണ് എന്‍റെ ജീവിതം 25,000 മോ ഒരു ലക്ഷമോ ശമ്പളമുള്ള ഒരു ജോലിയിൽ അക്കാലത്ത് എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന നടൻ വിജയ് സേതുപതി ഉണ്ടാകില്ലായിരുന്നു. ഈ ചിത്രത്തിൽ മറ്റാരെങ്കിലും ആയേനെ നായകൻ. വിജയ് സേതുപതി സംസാരിച്ചു തുടങ്ങി.
ചിത്രത്തിന്‍റെ വിജയം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഘടകമല്ല. സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഈ വിജയത്തിൽ പങ്കുണ്ട്. ചിത്രം തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലും പ്രേക്ഷകർ ഏറ്റെടുത്തു എന്നറിഞ്ഞതിൽ സന്തോഷം. ഈ സിനിമയുടെ ആധികാരിക വിജയം എന്‍റെ പ്രതീക്ഷകളിൽ ഇല്ലായിരുന്നു. സിനിമ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തെങ്കിൽ അതിന് സംവിധായകന് പ്രത്യേക പരാമർശം നൽകേണ്ടതായുണ്ട്.
നായകൻ നന്നായി എന്നുള്ളതുകൊണ്ട് മാത്രം സിനിമ വിജയിക്കണമെന്നും ഇല്ല. ചെറിയ ചെറിയ വിഷയങ്ങളിൽ പോലും സന്തോഷവും കൗതുകവും കണ്ടെത്തുന്ന ഒരാളാണ് ഞാൻ. എന്‍റെ വാഹനത്തോട് ഞാൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കാറുണ്ട്. കരിയറിലെ വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു പന്നെയാറും പത്മിനിയും. അതിലെ കേന്ദ്ര കഥാപാത്രമായിരുന്നു ഒരു ഫിയറ്റ് കാർ. അതുപോലെ കാറുകൾ പലരുടെയും ജീവിതത്തിൽ ജീവനുള്ള വസ്‌തുക്കളെ പോലെ പെരുമാറിയതായി എനിക്കറിയാം.
പരിചയമുള്ള ഒരു വ്യക്തിയുടെ അച്ഛന്‍റെ കാർ ഒരു അവസരത്തിൽ വിൽക്കുന്നു. അയാളുടെ അച്ഛന്‍റെ മരണശേഷം അവന്‍റെ അമ്മയ്ക്ക് വേണ്ടി അയാൾ ആ കാർ തിരികെ വാങ്ങുകയാണ്. തിരികെ വാങ്ങിയ കാറിൽ യാത്ര ചെയ്യുമ്പോൾ അമ്മയ്ക്ക് ടൈം ട്രാവൽ ചെയ്‌തു പഴയ കാലത്തിലേക്ക് പോയതുപോലെ ഒരു അനുഭവം ഉണ്ടായി. അതുപോലെ മറ്റൊരു വ്യക്തിയുടെ കാർ അയാളുടെ കല്യാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഫംഗ്ഷൻ കഴിഞ്ഞ് അതിഥികളെ ആ കാറിലാണ് വീട്ടിലെത്തിച്ചിരുന്നത്.
അവസാന ഗസ്റ്റ്‌നെയും കൊണ്ട് യാത്ര ചെയ്‌തു തിരികെ എത്തിയതും വാഹനത്തിന്‍റെ ആക്‌സിലേറ്റർ കേബിൾ കേടായി. കാറിന് ജീവനുള്ളതുപോലെ അത്ഭുതകരമായ അവസ്ഥ. ഇത്തരം ചില വസ്‌തുതകൾ ഒക്കെ ഞാൻ ജീവിതത്തിൽ പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ്. സിനിമയിൽ ഒരു മികച്ച നടൻ എന്ന അർത്ഥത്തിന് എന്‍റെ കാഴ്‌ചപ്പാട് ഇങ്ങനെയാണ്. ഒരു സിനിമ കണ്ടുകഴിഞ്ഞ് അതിലെ കഥാപാത്രത്തെ മറ്റൊരു നടനെ വച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിച്ചില്ലെങ്കിൽ നടനെന്ന രീതിയിൽ ആ കഥാപാത്രം ചെയ്‌ത വ്യക്തി ആ ജോലിയിൽ വിജയിച്ചു.
സിനിമകളിൽ നല്ല കഥാപാത്രങ്ങൾക്ക് ഒരുപാട് കാത്തിരിക്കേണ്ടതായി വരും. വട ചെന്നൈ എന്ന ചിത്രത്തിൽ അമീർ ചെയ്‌ത കഥാപാത്രം അഭിനയിക്കാൻ എന്നെയാണ് ക്ഷണിച്ചിരുന്നത്. വടചെന്നൈയുടെ കഥ സത്യത്തിൽ ഒരാളോട് നരേറ്റ് ചെയ്യണമെങ്കിൽ ഏകദേശം ആറുമണിക്കൂർ സമയം വേണം. എന്നാൽ സംവിധായകൻ വെട്രിമാരൻ സിനിമയുടെ ഒരു ഫ്ലോചാർട്ട് തയ്യാറാക്കി ഒരു മണിക്കൂറിൽ എന്നോട് കഥ പറഞ്ഞു. നിർഭാഗ്യവശാൽ കഥാപാത്രം ഇഷ്‌ടപ്പെട്ടിട്ടും എനിക്ക് ആ സിനിമ ചെയ്യാൻ സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.
ALSO READ: 'ഇതുവരെ കേട്ടത് 500 കഥകൾ, ഇതെൻ്റെ 50-ാമത്തെ സിനിമ': വിശേഷങ്ങളുമായി വിജയ് സേതുപതി