'ഗീതാഗോവിന്ദം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട - സംവിധായകൻ പരശുറാം പെറ്റ്‌ല എന്നിവർ ഒന്നിക്കുന്ന സിനിമയാണ് 'ദി ഫാമിലി സ്റ്റാർ'. ആക്ഷൻ പശ്ചാത്തലത്തിൽ കുടുംബകഥയായി ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 5ന് റിലീസിനെത്തും. തമിഴ്, തെലുഗു ഭാഷകളിലായാണ് 'ദി ഫാമിലി സ്റ്റാർ' റിലീസിന് എത്തുന്നത്.
സംവിധായകൻ പരശുറാമിന്‍റേത് തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും. ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീത സംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും 'ദി ഫാമിലി സ്റ്റാറി'നൊപ്പം ചേരുന്നു. ഗീതാഗോവിന്ദത്തിനായി ഗോപി സുന്ദർ ഒരുക്കിയ 'ഇങ്കേം ഇങ്കേം' എന്ന ഗാനം കേരളത്തിലുൾപ്പടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി ഗോപി സുന്ദറിന്‍റെ ഈണത്തിൽ സിദ് ശ്രീറാം ആലപിച്ച ഗാനവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
അതേസമയം 2022-ൽ പുറത്തിറങ്ങിയ 'സർക്കാരു വാരിപാട്ടാ' ആണ് പരശുറാം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. വിജയ് ദേവരകൊണ്ടയുമായി പരശുറാം വീണ്ടും കൈകോർക്കുമ്പോൾ ആരാധകരുടെ ആവേശവും വാനോളമാണ്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിൽ നായികയായി എത്തുന്നത്. മൃണാളും വിജയ് ദേവരകൊണ്ടയും ബിഗ് സ്‌ക്രീനിൽ ഇതാദ്യമായാണ് ഒന്നിക്കുന്നത്.
വിജയുമായി സ്‌ക്രീൻ പങ്കിടുന്നതിൽ താൻ ശരിക്കും ത്രില്ലിലാണെന്ന് മൃണാള്‍ നേരത്തെ പറഞ്ഞിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് 'ദി ഫാമിലി സ്റ്റാർ' സിനിമയുടെ നിര്‍മാണം. ഇത് രണ്ടാം തവണയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും വിജയ് ദേവരകൊണ്ടയും കൈകോർക്കുന്നത്.
വിജയുടെ 13-ാമത്തെ സിനിമ കൂടിയാണ് 'ദി ഫാമിലി സ്‌റ്റാര്‍'. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ 54-ാമത് ചിത്രവും. വിജയ്, മൃണാൾ എന്നിവരെ കൂടാതെ ദിവ്യാൻഷ കൗശിക്, അജയ് ഘോഷ്, അബിഗെയ്ൽ സ്കോബി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
മലയാളിയായ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് മാർത്താണ്ഡ് കെ വെങ്കിടേഷും കൈകാര്യം ചെയ്യുന്നു. എ എസ് പ്രകാശാണ് ഈ ചിത്രത്തിന്‍റെ ആർട്ട് ഡയറക്‌ടർ. വാർത്ത പ്രചാരണം : പി ശിവപ്രസാദ്. അതേസമയം ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന മറ്റൊരു ചിത്രം. 'വിഡി 12' എന്നാണ് ഈ ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.