ഹൈദരാബാദ് : ആക്ഷൻ പശ്ചാത്തലത്തിൽ കുടുംബ ചിത്രമായി ഒരുക്കിയ വിജയ് ദേവരകൊണ്ടയുടെ 'ഫാമിലി സ്റ്റാർ' സിനിമയുടെ ട്രെയിലർ പുറത്ത്. പരശുറാം പെറ്റ്‌ല സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആകാംക്ഷയേറ്റുന്ന ഒപ്പം സ്‌സപെൻസും നിറഞ്ഞ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രിൽ 5 ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.
മൃണാൾ താക്കൂർ ആണ് 'ഫാമിലി സ്റ്റാറി'ൽ നായികയായി എത്തുന്നത്. വിജയ് ദേവരകൊണ്ട - മൃണാൾ താക്കൂർ കെമിസ്‌ട്രിയും ട്രെയിലറിൽ ഹൈലൈറ്റാവുന്നു. നിർമാതാവായ ദിൽ രാജുവിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന 2 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ഒരു മണിക്കൂർകൊണ്ട് നാല് ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
തന്‍റെ കുടുംബത്തെ ഉപദ്രവിക്കുന്നവരെ എതിരിടാൻ ആയുധമേന്തുന്ന നായകനെയാണ് ട്രെയിലറിൽ കാണുന്നത്. ഏതായാലും അത്യുഗ്രൻ ആക്ഷൻ സ്വീക്വൻസുകളാൽ സമ്പന്നമായിരിക്കും 'ഫാമിലി സ്റ്റാർ' എന്ന സൂചനയും ട്രെയിലർ നൽകുന്നു. ഇതാദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഒരു സിനിമയ്‌ക്കായി ഒന്നിക്കുന്നത് എന്നതും 'ഫാമിലി സ്റ്റാറി'ന്‍റെ പ്രത്യേകതയാണ്. ഇരുവരുടെയും കെമിസ്‌ട്രി തിയേറ്ററുകളിൽ കാഴ്‌ച്ചക്കാരുടെ മനം കവരുമെന്നാണ് പ്രിതീക്ഷിക്കുന്നത്.
നേരത്തെ, പുറത്തുവന്ന ചിത്രത്തിലെ 'നന്ദനദന', 'കല്യാണി വച്ച വച്ച', 'മധുരമു കഥ' എന്നീ ഗാനങ്ങൾ സിനിമയുടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും ആരാധകരുടെ ആവേശത്തിന് ആക്കം കൂട്ടുകയാണ്. ആക്ഷൻ, ഡ്രാമ, കോമഡി, റൊമാൻസ് എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണ് ട്രെയിലറിന്‍റെ നിർമാണം.
അതേസമയം തിയേറ്ററുകളിൽ വിജയമായ 'ഗീത ഗോവിന്ദ'ത്തിന് (2018) ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് 'ഫാമിലി സ്റ്റാർ'. രശ്‌മിക മന്ദാന ആയിരുന്നു ഈ ചിത്രത്തിലെ നായിക. 2022-ൽ പുറത്തിറങ്ങിയ, മഹേഷ് ബാബു നായകനായ 'സർക്കാർ വാരി പാട' എന്ന ചിത്രമാണ് പെറ്റ്‌ല അവസാനമായി സംവിധാനം ചെയ്‌തത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവാണ് 'ഫാമിലി സ്റ്റാറി'ന്‍റെ നിർമാണം. വലിയ ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കെ യു മോഹനൻ ആണ്. മാർത്താണ്ഡം കെ വെങ്കിടേഷാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ പരശുറാം തന്നെയാണ് ഈ സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
ALSO READ: വിജയ് ദേവരകൊണ്ടയുടെ 'ദി ഫാമിലി സ്റ്റാർ' ഏപ്രിൽ 5ന് ; ആവേശത്തിൽ ആരാധകർ
സാമന്ത നായികയായ 'കുഷി'യാണ് വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ച സിനിമ. 'ഹായ് നാണ്ണ' എന്ന ചിത്രത്തിലാണ് മൃണാൽ താക്കൂർ അവസാനമായി വേഷമിട്ടത്. നാനി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.