ഹൈദരാബാദ് : തന്‍റെ വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വിക്കി കൗശലിന്‍റെ ഇടതുകൈയ്‌ക്ക് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഉണ്ടായിട്ടും ശാരീരികക്ഷമത നിലനിർത്താനുള്ള തന്‍റെ പ്രതിബദ്ധതയെ തടസ്സപ്പെടുത്താൻ വിക്കി തയ്യാറല്ല. പരിക്കേറ്റ കൈയ്യിൽ പ്ലാസ്‌റ്ററിട്ടിട്ടും മറ്റൊരു കൈകൊണ്ട് പരിശീലനം നടത്തുന്ന വീഡിയോയാണ് താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് (Vicky Kaushal Hits The Gym With Injured Hand As He Trains For Chhava).
'ഞങ്ങൾക്ക് ഓടാൻ കഴിയാത്തപ്പോൾ ഞങ്ങൾ നടക്കുന്നു .ഞങ്ങൾ അത് നിർത്തുന്നില്ല' എന്ന് ക്യാപ്‌ഷൻ നൽകിയാണ് താരം തന്‍റെ വർക്കൗട്ട് വീഡിയോ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ പോസ്‌റ്റ് ചെയ്‌തത്. റൗവാലിയയുടെ റൂൾ 1ഗാനം കേട്ടാണ് വിക്കി വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പഞ്ചാബി സംഗീതത്തിൻ്റെ ഉജ്ജ്വലമായ ട്യൂണുകളാൽ അദ്ദേഹം പ്രചോദിതനാവുകയും പരിക്ക് വകവയ്ക്കാതെ ജിമ്മിൽ പരിശീലനം തുടരുന്നതുമാണ് വീഡിയോയിൽ ഉളളത്. ഛാവ ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സെറ്റിലേക്ക് മടങ്ങുന്നതിന് മുൻപായി വിക്കിക്ക് കുറച്ച് ആഴ്‌ചകൾക്കൂടി വിശ്രമിക്കേണ്ടതുണ്ട്. എന്നാൽ സിനിമയിലെ തന്‍റെ വേഷത്തിന് ഒരു നിശ്ചിത ശരീരഘടന നിലനിർത്തേണ്ടതിനാൽ ഈ സമയവും അദ്ദേഹം ജിമ്മിൽ പോകുകയാണ്.
മറാത്ത സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിൻ്റെ മൂത്ത മകനായ ഛത്രപതി സംഭാജി മഹാരാജിൻ്റെ വേഷമാണ് വിക്കി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലക്ഷ്‌മൺ ഉടേക്കറാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഛത്രപതി സംഭാജിയുടെ ഭാര്യ യേശുഭായിയുടെ വേഷത്തിൽ വിക്കിക്കൊപ്പം രശ്‌മിക മന്ദാന അഭിനയിക്കുന്നുണ്ട്.
ALSO READ:രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കത്രീനയും വിക്കിയും; പോസ്‌റ്റുകളുമായി താര ദമ്പതികള്‍
ഛാവയെ കൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലവ് ആൻഡ് വാർ എന്ന ചിത്രവും വിക്കിയുടെ പ്രൊജക്റ്റാണ്. വരാനിരിക്കുന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം വിക്കിയും സ്‌ക്രീൻ പങ്കിടുന്നുണ്ട്.
2025-ൽ റിലീസ് ചെയ്യാനിരിക്കുന്ന ലവ് ആൻഡ് വാർ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. ഗംഭീര നിർമ്മാണവും ആകർഷകമായ സംഗീതവും ചിത്രത്തിലുണ്ട്. ലവ് ആൻഡ് വാർ ചിത്രം 2025 ക്രിസ്‌മസ് റിലീസായി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.