പുതിയ കാലത്തെ മലയാള സിനിമയുടെ മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഛായാഗ്രാഹകൻ വേണു ഐ.എസ്.സി. സിനിമയുടെ കയറ്റവും ഇറക്കവുമെല്ലാം എക്കാലവും സംഭവിച്ചിട്ടുള്ളതാണ്. പുതിയ ആശയങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ചിത്രങ്ങളൊക്കെയും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീണുപോയ ഒരു കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിട്ടുണ്ടെന്ന് വേണു. തന്‍റെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ച് വേണു ഐ.സ്.സി.
'1983ല്‍ 'പ്രൈം നസീറിനെ കാണാനില്ല' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ തനിക്ക് വയസ്സ് 26. അവിടെന്നിങ്ങോട്ട് പത്‌മരാജൻ, ഭരതൻ, ലെനിൻ രാജേന്ദ്രൻ, ജോൺ എബ്രഹാം തുടങ്ങി മഹാരഥന്‍മാര്‍ക്കൊപ്പം വളർന്നു. മലയാളത്തിൽ മാത്രം ഒതുങ്ങിക്കൂടിയില്ല. ആദ്യകാലത്ത് തന്നെ മറ്റു ഭാഷ ചിത്രങ്ങളുടെയും ഭാഗമായി.
പത്‌മരാജൻ തിരക്കഥ എഴുതുന്നത് പലപ്പോഴും സെറ്റിൽ വച്ചാണ്. തിരക്കഥയ്ക്ക് അധിഷ്‌ഠിതമായിരിക്കും പലപ്പോഴും പത്‌മരാജന്‍റെ സിനിമകൾ. അതുകൊണ്ടു തന്നെ കഥയ്‌ക്കും തിരക്കഥയ്‌ക്കും ആവശ്യമായ അവലംബം മാത്രം ഛായാഗ്രഹണത്തിൽ കൊണ്ടുവന്നാൽ മതിയാകും. 'കൂടെവിടെ' അടക്കമുള്ള പല ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അതുകൊണ്ട് തന്നെ തുടർന്നിങ്ങോട്ടുള്ള ചിത്രങ്ങളിൽ അദ്ദേഹവുമായി സഹകരിക്കുമ്പോൾ ഒരിക്കലും ഒരു അപരിചിതത്വം തോന്നിയിട്ടില്ല.
കരിയറിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് സംവിധായകൻ പത്‌മരാജനൊപ്പം ജോലി ചെയ്യാൻ സാധിച്ചു എന്നുള്ളത്. ഒരു സിനിമ ചിത്രീകരിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു സംവിധായകന് ഛായാഗ്രാഹകരോടുള്ള വിശ്വാസം തന്നെയാണ്. അത്തരമൊരു വിശ്വാസം ഇതുവരെ ജോലി ചെയ്‌തു പോകുന്ന എല്ലാ സംവിധായകരിൽ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. പല ക്യാമറാമാൻമാരും പറയുന്നത് കേട്ടിട്ടുണ്ട്, ചില രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കളുടെ പ്രകടനം കണ്ട്, ചെയ്യുന്ന ജോലി മറന്നു പോയി എന്നൊക്കെ. തന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു കാര്യം ഇല്ല. കാരണം ഛായഗ്രാഹകന്‍റെ ജോലി വളരെ വലുതാണ്. നൂറായിരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ അങ്ങനെ സ്വയം മറന്നുപോകുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല. മാത്രമല്ല തിരക്കഥയിലും റിഹേഴ്‌സലിലും അടക്കം പലതവണ അറിയുന്ന കാര്യങ്ങൾ തന്നെയാണ് ക്യാമറക്ക് മുന്നിലും സംഭവിക്കുക.
പിന്നെ ഇപ്പോഴത്തെ പോലെയല്ല കഴിഞ്ഞ കാലം. ഒരു സിനിമ ഷൂട്ട് ചെയ്‌താൽ ആദ്യം കാണുന്നത് അത് ക്യാമറാമാൻ ആയിരിക്കും. ആ മാഗസിൻ പ്രോസസ് ചെയ്‌ത് ഒന്നര രണ്ട് മാസങ്ങൾക്ക് ശേഷമാണ് സംവിധായകൻ അടക്കം മറ്റുള്ളവർ എന്താണ് ചിത്രീകരിച്ചതെന്ന് കാണുന്നത് പോലും. ഇപ്പോൾ അങ്ങനെയല്ല. ക്യാമറയിൽ നിന്നുള്ള ഫീഡ് തത്സമയം തന്നെ എല്ലാവർക്കും കാണാവുന്ന തരത്തിലാണ്. അതൊരു പക്ഷേ വലിയ സഹായകമായി. ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്തുക എന്നുള്ളതാണല്ലോ. മാത്രമല്ല പഴയതാണ് നല്ലത് പുതിയതൊക്കെ മോശം എന്നുള്ള ചിന്താഗതി നമ്മുടെ വളർച്ചയെ ബാധിക്കും.
'താഴ്‌വാരം' എന്ന ചിത്രം കരിയറിലെ മൈൽ സ്‌റ്റോൺ ആണ്. തന്‍മയത്വത്തോടെ അഭിനയിക്കുന്ന ഒരു അഭിനേതാവാണ് മോഹൻലാൽ. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. വില്ലൻ കഥാപാത്രത്തെ കീഴ്പെടുത്തി ഒരു കൂരയ്ക്കുള്ളിൽ ഇട്ട് വെടിമരുന്നിന് തീ കൊടുത്ത് നടക്കുന്ന മോഹൻലാലിന്‍റെ കഥാപാത്രത്തെ കൃത്യമായി സംവിധായകൻ ട്യൂൺ ചെയ്തെടുത്തത് തന്നെയാണ്. സംവിധായകൻ ഭരതനും, തിരകഥാകൃത്ത് എം.ടി വാസുദേവൻ നായരും, 'താഴ്വാര'ത്തിന്‍റെ ചിത്രീകരണ സമയത്ത് സദാസമയവും ഒരുമിച്ചുണ്ടായിരുന്നു.
ഓരോ സീനും കൃത്യമായ പ്ലാനിംഗോടു കൂടിയാണ് ചിത്രീകരിച്ചിട്ടുള്ളത്. മോഹൻലാലിന്‍റെ പിന്നിലായി സ്ഫോടനം നടക്കുന്നത് റിയലാണ്. അക്കാലത്ത് പരാജയമായ പല ചിത്രങ്ങളും പിൽക്കാലത്ത് ക്ലാസിക് ആകാറുണ്ട്. എന്നാൽ അക്കാലത്തെ വിജയ ചിത്രങ്ങൾ പലതും ഇപ്പോൾ ഓർക്കുന്നത് കൂടിയില്ല. സിനിമ അങ്ങനെയാണ്. ഒന്നും മുൻകൂട്ടി പറയാൻ ആകില്ല.
ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു ചിത്രമാണ് 'ഞാൻ ഗന്ധർവ്വൻ'. ചിത്രത്തിലെ പ്രാക്‌ടിക്കൽ ടെക്‌നിക്കുകൾ ഒക്കെ തന്നെയും രാജീവ് അഞ്ചൽ എന്ന വിഖ്യാത കലാ സംവിധായകന്‍റെ സൃഷ്‌ടിയാണ്. രാജീവൻ ചേട്ടന്‍റെ സഹായമില്ലാതെ ഒരിക്കലും ആ സിനിമ ഇത്ര മികവോടെ ചിത്രീകരിക്കാൻ സാധിക്കില്ല.
ഫാസിൽ, 'മണിച്ചിത്രത്താഴ്' സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് എന്നോട് പറഞ്ഞു, ഒന്നുകിൽ, ചിത്രം മലയാളം കണ്ട ഏറ്റവും വലിയ പരാജയം, അല്ലെങ്കിൽ മലയാളം കണ്ട ഏറ്റവും വലിയ വിജയം. ഇതിനിടയിൽ ഒരു റിസൾട്ട് ഈ ചിത്രത്തിനില്ല. എനിക്കറിയാം, ഫാസിൽ സാറിന് ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന് ധാരണയുണ്ടായിരുന്നു. സിനിമയിൽ ഛായാഗ്രാഹകനായി എന്‍റെ പേരാണ് വച്ചിരിക്കുന്നതെങ്കിലും ഞാൻ വർക്ക് ചെയ്യുന്നതിന്‍റെ അത്രയും തന്നെ ആനന്ദക്കുട്ടനും ഛായഗ്രാഹണം നിർവഹിച്ചിരുന്നു.
ഒരു സിനിമയും എന്നെ സംബന്ധിച്ചിടത്തോളം വലിയ ചലഞ്ചല്ല. ചലഞ്ചൊക്കെ സംവിധായകർക്കല്ലേ. 'മാളൂട്ടി' അടക്കമുള്ള പഴയ ചിത്രങ്ങളൊന്നും വീണ്ടും കാണാൻ ശ്രമിക്കാറില്ല. എല്ലാവരും അക്കാലത്തെ ടെക്നോളജിയിൽ മികച്ച ചിത്രങ്ങളൊരുക്കി എന്നൊക്കെ പറയുമ്പോഴും അന്ന് ഒന്നുകൂടി ചിന്തിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലാണ് ഉണ്ടാകാറ്.
സിദ്ധാർത്ഥ്, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുഗുവിൽ പ്രഭുദേവയുടെ ആദ്യ സംവിധാന സംരംഭമായാ 'നുവ്വുസ്‌താനന്‍റെ നെനോടന്‍റാന' എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. പ്രഭുദേവയുമായി വളരെ ദീർഘകാലത്തെ സൗഹൃദമുണ്ട്. പ്രഭുദേവയുടെ പല ഗാനങ്ങൾക്കും ഞാൻ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ആ ബന്ധമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോഴും തന്നെ ക്ഷണിക്കാൻ കാരണമായത്. ഞാൻ ഇത്രയും കാലം ഷൂട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണെന്ന് എടുത്ത് പറയാൻ ആഗ്രഹിക്കുന്ന ചിത്രം കൂടിയാണ് അത്.
പുതിയ കാലത്തെ മലയാള സിനിമയുടെ മാറ്റത്തെ സ്വാഗതം ചെയ്യുന്നു. സിനിമയുടെ കയറ്റവും ഇറക്കവുമെല്ലാം എക്കാലവും സംഭവിച്ചിട്ടുള്ളതാണ്. പുതിയ ആശയങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ചിത്രങ്ങളൊക്കെയും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീണുപോയ ഒരു കാലഘട്ടവും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് വീണ്ടും ഉയർത്തി എഴുന്നേൽക്കും. അതിങ്ങനെ കാലാകാലവും സംഭവിച്ച് കൊണ്ടേയിരിക്കും. ഈ വർഷം റിലീസ് ചെയ്‌ത് വലിയ വിജയമായി മാറിയ ചിത്രങ്ങളൊക്കെ തന്നെ പുതിയതും ചെറുപ്പക്കാരുമായ സംവിധായകരുടേതാണ്. അതുതന്നെയാണ് മലയാള സിനിമയിൽ ഞാനിപ്പോൾ കാണുന്ന മാറ്റവും.' - വേണു ഐ.എസ്സി പറഞ്ഞു.
Also Read: വെട്ടിമുറുവേൽപ്പിക്കാൻ മിടുക്കനാണ് ഹർഷദ്; സിനിമയിൽ മുറിവ് ഉണ്ടാക്കുന്ന വിദ്യയുമായി മേക്കപ്പ് മാന്‍ - MAKEUP ARTIST HARSHAD