വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). അടുത്തിടെയാണ് ഈ ചിത്രത്തിലെ ആദ്യഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. യുവൻ ശങ്കർ രാജ സംഗീതം നൽകിയ ഗാനം ആലപിച്ചതും വിജയ് തന്നെയാണ്. ഇപ്പോഴിതാ 'ഗോട്ടി'ന്‍റെ ഒരു പ്രധാന അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
സിനിമയുടെ പുതിയ ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു. 'ഗോട്ട്' സെക്കൻഡ് സിംഗിൾ ജൂണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് സംവിധായകന്‍റെ വെളിപ്പെടുത്തൽ. ആഘോഷപൂർവമാണ് വിജയ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സംവിധായകൻ അപ്‌ഡേറ്റ് പങ്കുവച്ചത്. അതേസമയം സിനിമയുടെ ടീസർ എപ്പോൾ വരുമെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. സമയമായില്ലെന്നാണ് വെങ്കട്ട് പ്രഭുവിന്‍റെ മറുപടി. 'ടൂ ഏർലി' (വളരെ നേരത്തെ) എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. ഏതായാലും ടീസർ റിലീസ് അനൗൺസ്‌മെന്‍റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ദളപതി വിജയും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഗോട്ട്'. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. സെപ്‌റ്റംബർ 5 ന് ഒന്നിലധികം ഭാഷകളിൽ ഗ്രാൻഡ് റിലീസിന് ഷെഡ്യൂൾ ചെയ്‌തിരിക്കുകയാണ് ഈ സിനിമ.
മോസ്‌കോയിലെ വിപുലമായ ഷൂട്ടിംഗ് ഷെഡ്യൂളിന് ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അടുത്തിടെയാണ് 'ഗോട്ട്' ടീം തമിഴ്‌നാട്ടിലേക്ക്, റഷ്യയിൽ നിന്ന് മടങ്ങിയത്. ചിത്രത്തിൻ്റെ കഥാഗതിയിൽ മോസ്‌കോ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി വെങ്കട്ട് പ്രഭു മുമ്പ് റഷ്യൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മീനാക്ഷി ചൗധരിയാണ് ഈ ചിത്രത്തിലെ നായിക.
- " class="align-text-top noRightClick twitterSection" data="">
കൽപ്പാത്തി എസ് അഘോരത്തിന്‍റെ എജിഎസ് എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സിനിമയിൽ വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, മലയാളിതാരം അജ്‌മൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ വെങ്കട്ട് പ്രഭുവാണ് 'ഗോട്ടി'നായി തിരക്കഥ എഴുതിയതും. ചെന്നൈ 600028', 'മാനാട്', അജിത് കുമാറിൻ്റെ 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നും പറയപ്പെടുന്നു.