ഹൈദരാബാദ്: തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ എഐഎഡിഎംകെ നേതാവ് എ വി രാജുവിനെതിരെ വിമർശനവുമായി നടി തൃഷ. അപകീർത്തികരമായ പരാമർശം നടത്തിയതിന് രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിച്ചു. തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് നടിയുടെ പ്രതികരണം (Trisha Slams AIADMK Leader For Derogatory Remarks).
2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന നിലയിലാണ് എ വി രാജു വിവാദ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചു എന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ഈ പരാമർശം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായി. ഇതോടെയാണ് പ്രതികരണവുമായി തൃഷ രംഗത്തെത്തിയത്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്നത് വെറുപ്പുളവാക്കുന്ന കാഴ്‌ചയാണെന്നും തന്‍റെ അഭിഭാഷക വിഭാഗം വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃഷ അറിയിച്ചു.
അതേസമയം നടൻ മന്‍സൂര്‍ അലി ഖാൻ നടത്തിയ മോശം പരാമർശത്തിലും രൂക്ഷ പ്രതികരണവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. തൃഷ നായികയായി എത്തിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ മന്‍സൂര്‍ അലി ഖാൻ വേഷമിട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഇയാൾ തൃഷക്കെതിരെ മോശം പരാമർശം നടത്തിയത്.
'ലിയോ'യിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്ന് പറഞ്ഞ മൻസൂർ താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും പറഞ്ഞിരുന്നു. പിന്നാലെ ഇയാൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യാപകമായി ഉയർന്നത്.
മൻസൂറിന്‍റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നു എന്നായിരുന്നു തൃഷയുടെ പ്രതികരണം. മന്‍സൂര്‍ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും ഇയാൾക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. വിവാദ പരാമർശത്തിൽ മാപ്പ് പറയാൻ ആദ്യം വിസമ്മതിച്ച മൻസൂർ അലി ഖാൻ ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയതും വാർത്തയായി. നടനെതിരെ നടികർ സംഘം ഉൾപ്പടെ നടപടിയുമായി എത്തിയതിന് പിന്നാലെ ആയിരുന്നു മാപ്പ് പറച്ചിൽ.