മലയാളത്തിന്റെ 'യൂത്ത് ഐക്കൺ' ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഐഡന്‍റിറ്റി'. അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍വെസ്‌റ്റിഗേറ്റിവ് ആക്ഷന്‍ ത്രില്ലര്‍ ജോണറിൽ ഒരുക്കുന്ന ഈ സിനിമയുടെ വമ്പൻ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന, ഒപ്പം കോരിത്തരിപ്പിക്കുകയും ചെയ്യുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ടൊവിനോ തന്നെയാണ് ഇത് സംബന്ധിച്ച് ആരാധകർക്ക് സൂചന നൽകിയത്. ആക്ഷൻ സ്വീക്വൻസുകളുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ ടൊവിനോ പറയുന്നു.
'യുദ്ധം അവസാനിച്ചു' എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ ആക്ഷൻ ചിത്രീകരണം പൂർത്തിയായ വിവരം പങ്കിട്ടത്. പ്രശസ്‌ത ആക്ഷൻ കോറിയോഗ്രഫർ യാനിക്ക് ബെന്നാണ് 'ഐഡന്‍റിറ്റി'യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ.
അതേസമയം തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. തൃഷ വേഷമിടുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. നിവിന്‍ പോളി നായകനായ 'ഹേയ് ജൂഡ്' എന്ന സിനിമ ആയിരുന്നു തൃഷയുടെ കന്നി മലയാള ചിത്രം. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ 'റാം' (Ram) എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ടൊവിനോയുടെയും തൃഷയുടെയും ആക്ഷന്‍ രംഗങ്ങളാണ് 'ഐഡന്‍റിറ്റി' സിനിമയുടെ ഹൈലൈറ്റ് എന്നാണ് വിവരം.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലായി വലിയ ക്യാൻവാസിലാണ് 'ഐഡന്‍റിറ്റി' അണിയിച്ചൊരുക്കുന്നത്. 50 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം. ടൊവിനോയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളില്‍ ഒന്നാകും 'ഐഡന്‍റിറ്റി'. കൊച്ചി, ബെംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
ബോളിവുഡ് താരം മന്ദിര ബേദിയും 'ഐഡന്‍റിറ്റി' സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഇവരുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിത്. തെന്നിന്ത്യന്‍ താരം വിനയ് റായും മഡോണ സെബാസ്റ്റ്യനുമാണ് ഈ സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇത് രണ്ടാം തവണയാണ് വിനയ് റായ് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ബി ഉണ്ണികൃഷ്‌ണൻ - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ക്രിസ്‌റ്റഫർ' എന്ന ചിത്രത്തിലൂടെ ആയിരുന്നു വിനയ് റായ് മലയാളത്തിലേക്ക് ആദ്യമായി ചുവടുവച്ചത്.
അതേസമയം ടൊവിനോയെ നായകനാക്കി 'ഫോറന്‍സിക്' എന്ന ചിത്രം അനസ് ഖാനും അഖില്‍ പോളും നേരത്തെ സംവിധാനം ചെയ്‌തിരുന്നു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'ഫോറൻസിക്'. ബോക്‌സ് ഓഫിസിൽ മികച്ച വിജയം നേടാനും ഈ ചിത്രത്തിനായി.
ALSO READ: ടൊവിനോയ്‌ക്ക് പിന്നാലെ ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് തൃഷ ; വീഡിയോ വൈറല്‍