ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2024. ബോളിവുഡിനെ മറികടന്ന് തെന്നിന്ത്യയില്‍ നിന്നും ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ പിറന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകളുടെ ലിസ്‌റ്റ് പുറത്തുവിട്ടിരിക്കുകയാണ് സെര്‍ച്ച് എന്‍ജിന്‍. പ്രഭാസ് നായകനായി പുറത്തിറങ്ങി ചിത്രം കല്‍ക്കി 2898 എഡി എന്ന ചിത്രത്തെ മറികടന്നുകൊണ്ട് ശ്രദ്ധകപൂര്‍ രാജ്‌കുമാര്‍ റാവു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2 ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ സിനിമാ പ്രേമികള്‍ തിരഞ്ഞത് എന്നാണ് ഗൂഗിള്‍ പുറത്തു വിട്ടിരിക്കുന്ന പട്ടിക സൂചിപ്പിക്കുന്നത്.
1. സ്ത്രീ 2
ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം 'സ്‌ത്രീ 2' ബോക്‌സ് ഓഫീസില്‍ എതിരാളികള്‍ ഇല്ലാതെയാണ് കുതിച്ചത്. 2018 എത്തിയ ഹൊറര്‍ ചിത്രം സ്‌ത്രീയുടെ തുടര്‍ച്ചയായാണ് 'സ്‌ത്രീ 2' ഒരുക്കിയിരിക്കുന്നത്. മഡോക്ക് ഫിലിംസിന്‍റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് 'സ്‌ത്രീ 2'. സ്‌ത്രീ, ഭേഡിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍.
2. കല്‍ക്കി 2898 എഡി.
തെലുഗ് സിനിമാലോകത്ത് നിന്നെത്തി പാന്‍ ഇന്ത്യന്‍ വിസ്‌മയമായി മാറിയ പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി' എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്.
സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കൽക്കിയിൽ ഒരുമിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു. മികച്ച പ്രേക്ഷക - നിരൂപക പ്രശംസയാണ് ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുകയുണ്ടായത്.
3.12ത്ത് ഫെയില്‍.
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയില്‍ എത്തിയ ചിത്രമാണ് 12ത്ത് ഫെയില്‍. വിക്രാന്ത് മാസിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പ്ലസ്‌ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്‌നിച്ച് യു പി എസ് സി പരീക്ഷ ജയിച്ച് ഐപി എസ് കരസ്ഥമാക്കിയ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, ബെസ്‌റ്റ് ആക്‌ടര്‍ ക്രിട്ടിക്‌സ് വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
4.ലാപതാ ലേഡീസ്
ആഗോള തലത്തില്‍ പ്രേക്ഷകരില്‍ നിന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് 'ലാപതാ ലേഡീസ്'. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വടക്കേ ഇന്ത്യയിലെ സാങ്കല്‍പിക ഗ്രാമമായ നിര്‍മല്‍ പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയെന്ന രീതിയിലാണ് ചിത്രം തുടങ്ങുന്നത്.
ആമിർ ഖാൻ, ജ്യോതി ദേശ്‌പാന്‍ഡെ കിരൺ റാവു തുടങ്ങിയവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ നിതാൻഷി ഖോയാൽ, രവികൃഷൻ പ്രതിഭാരത്ന തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
97ാമത് ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 'ലാപതാ ലേഡീസ്' തെരഞ്ഞെടുക്കപ്പെട്ടു. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
5.ഹനുമാന്‍
വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത്.ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.
6.മഹാരാജ
വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമയാണിത്. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്.
അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
7.മഞ്ഞുമ്മല്‍ ബോയ്‌സ്
മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. 2006 ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിനാധാരം.
സ്ഥലം കണ്ട് തിരികെ പോരണമെന്ന് കരുതിയെങ്കിലും ഗുണ കേവും കണ്ടിട്ട് മടങ്ങാമെന്ന കൂട്ടത്തിലൊരാളുടെ വാക്കുകളാണ് അവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ഗുണ കേവ് സന്ദര്‍ശിക്കുന്നിതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരന്‍ ഗുണ കേവിനകത്ത് അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടെയും അധികാരികളുടെയും ശ്രമമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം പറയുന്നത്.
8.ദി ഗോട്ട്
തമിഴ് സൂപ്പര്‍താരം ദളപതി വിജയ് നായകനായ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 400 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്.
ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
9.സലാര്‍
കെ. ജി . എഫ് എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് സലാര്‍. തെന്നിന്ത്യന്‍ താരം പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ ഒരുക്കിയ ചിത്രമാണിത്.
ശ്രുതിഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നുണ്ട്.
10.ആവേശം
മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഫഹദ് ഫാസിൽ നായകനായ, ജിത്തു മാധവന്റെ ‘ആവേശം’ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
ഫഹദിന് പുറമേ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
Also Read:മലയാളത്തിലും വിറപ്പിക്കാൻ രാജ് ബി ഷെട്ടി; ദുരൂഹത നിറഞ്ഞ 'രുധിരം' ട്രെയിലര്‍