വാഷിംഗ്‌ടൺ (യുഎസ്): ബ്രിട്ടീഷ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു. 79-ാം വയസിലാണ് 'ടൈറ്റാനിക്', 'ദി ലോർഡ് ഓഫ് ദ റിംഗ്‌സ്' ട്രൈലോജി ഉൾപ്പടെ സമീപ ദശകങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച നടന്‍റെ വിയോഗം. സിനിമകൾക്ക് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ബെർണാഡ് ഹിൽ അഭിനയിച്ചിട്ടുണ്ട്.
നടിയും ഗായികയുമായ ബാർബറ ഡിക്‌സൺ, ബെർണാഡ് ഹില്ലിന്‍റെ വിയോഗവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നടനോടൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടുകൊണ്ടാണ് അവർ എക്‌സിൽ വാർത്ത സ്ഥിരീകരിച്ചത്. "ബെർണാഡ് ഹില്ലിൻ്റെ മരണം വളരെ സങ്കടത്തോടെയാണ് ഞാൻ കാണുന്നത്. 1974-1975-ലെ ജോൺ പോൾ ജോർജ് റിംഗോ ആൻഡ് ബെർട്ട്, വില്ലി റസ്സൽ ഷോയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ശരിക്കും ഒരു അത്ഭുത നടൻ. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു', ബാർബറ ഡിക്‌സൺ എക്‌സിൽ കുറിച്ചു.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ച ഹിൽ, പ്രശസ്‌ത ബിബിസി ടിവി നാടകമായ 'ബോയ്‌സ് ഫ്രം ദി ബ്ലാക്ക്‌സ്റ്റഫിലെ' യോസർ ഹ്യൂസിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധ നേടുന്നത്. ഈ കഥാപാത്രം അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു. 1982ൽ, അഞ്ച് തൊഴിലില്ലാത്ത പുരുഷന്മാരെക്കുറിച്ചുള്ള ഈ ബ്രിട്ടീഷ് ടിവി മിനി-സീരീസിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റവും.
ഹില്ലിന്‍റെ കഥാപാത്രം 1983ൽ, ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സിൻ്റെ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, കൂടാതെ ഈ ഷോ മികച്ച നാടക പരമ്പരയ്‌ക്കുള്ള ബാഫ്‌തയും നേടി. എന്നിരുന്നാലും, 'ടൈറ്റാനിക്', 'ദി ലോർഡ് ഓഫ് ദ റിംഗ്‌സ്' സിനിമകളിലെ ഹില്ലിൻ്റെ വേഷങ്ങളാണ് ചലച്ചിത്രലോകത്ത് അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിച്ചത്.
ജെയിംസ് കാമറൂണിൻ്റെ 'ടൈറ്റാനിക്കിൽ' (1997), ആർഎംഎസ് ടൈറ്റാനിക്കിൻ്റെ കമാൻഡറായ ക്യാപ്റ്റൻ എഡ്വേർഡ് സ്‌മിത്തിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതുപോലെ, പീറ്റർ ജാക്‌സൻ്റെ 'ദി ലോർഡ് ഓഫ് ദ റിംഗ്‌സ്' ട്രൈലോജിയിൽ, രോഹൻ്റെ രാജാവായ തിയോഡനെ ഹിൽ അവതരിപ്പിച്ചു. ഹെൽംസ് ഡീപ്പ് യുദ്ധം പോലുള്ള അവിസ്‌മരണീയമായ യുദ്ധ രംഗങ്ങളിൽ അസാമാന്യ പ്രകടനമാണ് ഹിൽ കാഴ്‌ചവച്ചത്.