സോഷ്യൽ മീഡിയയിലൂടെ ഏറ്റവും അധികം സൈബർ ആക്രമണങ്ങൾ നേരിട്ട ഒരു അഭിനേതാവ് താനായിരിക്കുമെന്ന് ടിനി ടോം. ഇടിവി ഭാരതിനൊപ്പമുള്ള അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. ഒരു കലാകാരൻ ആണെന്നുള്ള നിലയിൽ വ്യാജ വ്യക്തിത്വവുമായി തുടരാൻ താത്പര്യമില്ല. അതുകൊണ്ടുതന്നെ പല തെറ്റുകൾക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. അതിന്‍റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടുമ്പോഴും എത്രയൊക്കെ തിന്മ വിജയിച്ചാലും നന്മയ്‌ക്ക് വിജയമുണ്ടാവുമെന്നാണ് വിശ്വാസം.
കാലം കഴിയുമ്പോൾ തെറ്റുകൾ തിരുത്തപ്പെടും. ഞാൻ പറഞ്ഞതും പ്രതികരിച്ചതും ശരിയാണെന്ന് തിരിച്ചറിഞ്ഞ് പലരുമിപ്പോൾ വന്നുതുടങ്ങി. അതുകൊണ്ടുതന്നെ ഹേറ്റേഴ്‌സ് എന്ന വിഭാഗം എന്നെ സംബന്ധിച്ച് സോഷ്യൽ മീഡിയ ലോകത്ത് കുറഞ്ഞു വരികയാണ്. താൻ പ്രതികരിക്കുന്നതൊക്കെ സത്യത്തിന് വേണ്ടിയാണെന്നും ഒരിക്കൽ പറഞ്ഞ കാര്യം മാറ്റി പറയില്ല എന്നും തിരിച്ചറിഞ്ഞതോടെ എന്നെ ആക്രമിച്ചവർ തന്നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി.
ഒന്നിലും പ്രതികരിക്കാതെ മുഖത്തൊരു ചിരി മാത്രം പിടിപ്പിച്ച് നടക്കുന്ന ധാരാളം മാന്യന്മാർ ഇവിടെയൊക്കെയുണ്ട്. അവരെ ജനം ഒരിക്കൽ തിരിച്ചറിയും. സുരേഷ് ഗോപി എന്ന വ്യക്തിയുമായുള്ള ആത്മ സൗഹൃദം ആഴമേറിയതാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇലക്ഷൻ വിജയത്തിന് ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ സ്വീകരിക്കാനായി ഓടിയെത്തിയതും. അതിൽ രാഷ്‌ട്രീയമുണ്ടെന്ന് പറഞ്ഞ് പരത്തിയവരുണ്ട്.
ഞാൻ ചാണകത്തിൽ ചവിട്ടിയിട്ടുണ്ട്. അത് നിങ്ങൾ ഉദ്ദേശിച്ച പോലൊരു രാഷ്‌ട്രീയ ചാണകം അല്ല. ഞാൻ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണ്. വീട്ടിൽ പശുവും തൊഴുത്തുമൊക്കെ ഉണ്ടായിരുന്നു. ചവിട്ടിയത് എന്‍റെ വീട്ടിലെ പശുവിന്‍റെ ചാണകത്തിലാണ്.
സുരേഷ് ഗോപി എന്ന വ്യക്തിക്കൊപ്പം സഞ്ചരിച്ചത് ബിജെപി എന്ന പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ല. സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഒപ്പമാണ് മുന്നോട്ടുപോകുന്നത്. ഒരു പാർട്ടിയിൽ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ് എന്നാണ് എന്‍റെ നിലപാട്.
കോളജിലൊക്കെ പഠിക്കുമ്പോൾ വ്യക്തമായ ഒരു രാഷ്‌ട്രീയ ബോധം ഉണ്ടായിരുന്നു. അതൊക്കെ മാറി. ഒരു പാർട്ടിയിൽ മാത്രം വിശ്വസിക്കുമ്പോൾ മറ്റൊരു പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ നമുക്ക് തള്ളി പറയേണ്ടതായി വരും. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തിൽ രാഷ്‌ട്രീയം കാണേണ്ടതില്ല. അദ്ദേഹത്തിന്‍റെ മികച്ച തീരുമാനങ്ങളും ആശയങ്ങളും സ്വാഗതാർഹമാണ്. അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് തൃശൂരിലെ ചരിത്രവിജയം സാധ്യമായതും.
എന്തുമാത്രം കളിയാക്കലുകൾ നേരിട്ട മനുഷ്യനാണ് സുരേഷ് ഗോപി. കഴിഞ്ഞ 10 വർഷമായി സുരേഷ് ഗോപി രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ടും അയാൾ ഒന്നും സമ്പാദിച്ചിട്ടില്ല. സ്വന്തം കൈയിലുള്ളത് ചെലവായതല്ലാതെ. ഇതുപോലൊരു രാഷ്‌ട്രീയക്കാരൻ എന്‍റെ അറിവിൽ ഇഎംഎസ് നമ്പൂതിരിപ്പാട് മാത്രമാണ്. ചിലപ്പോൾ അതിൽ സ്വാതന്ത്ര്യസമര സേനാനികളും ഉൾപ്പെടാം.
ക്യാമറയ്‌ക്കും ലൈറ്റിനുമിടയിൽ അദ്ദേഹം വിയർപ്പഴുക്കി സമ്പാദിക്കുന്നത് മുഴുവനും മറ്റുള്ളവരെ സഹായിക്കാൻ കൊണ്ടുനൽകുന്നത് നേരിൽ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന്‍റെ മനുഷ്യത്വപരമായ രാഷ്‌ട്രീയത്തിനൊപ്പം നിലനിൽക്കുന്നതിൽ എത്ര അതിക്രമങ്ങൾ എനിക്ക് നേരിടേണ്ടി വന്നാലും ചെറുക്കും.
മിമിക്രി എനിക്ക് നേടിത്തരേണ്ടതൊക്കെ തന്നിട്ടുണ്ട്. മുഴുവനായും സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് ഇപ്പോഴത്തെ കലാജീവിതം. മിമിക്രി കൊണ്ടാണ് ലോകരാജ്യങ്ങൾ മുഴുവൻ കറങ്ങാൻ സാധിച്ചത്. 7 പാസ്‌പോർട്ടുകളിലൂടെ ഞാൻ ലോകം മുഴുവൻ കണ്ടു. സമ്പാദിക്കേണ്ടത് ഒക്കെ സമ്പാദിച്ചു. ഇപ്പോഴുണ്ടാവുന്ന കളിയാക്കലുകളുടെ പേരിൽ എനിക്ക് സിനിമയിലെ അവസരങ്ങൾ ഒന്നും നഷ്‌ടപ്പെടുന്നില്ല.
കളിയാക്കലുകൾ എന്നെ ബാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അമ്പലപ്പറമ്പുകളിൽ നിന്നും പള്ളിപ്പറമ്പുകളിൽ നിന്നും തുടങ്ങിയ ജീവിതമാണ്. തീയിൽ കുരുത്തവനാണ് വെയിലത്ത് വാടില്ല.