വലിയ ക്യാൻവാസിൽ മലയാളികളെ പേടിപ്പിക്കാൻ ഒരുങ്ങുകയാണ് '13' എന്ന ഹ്രസ്വ ചിത്രം. നിരവധി തമിഴ് സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള സുസാദ് സുധാകറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മലയാളികൾ ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥയും കഥാപശ്ചാത്തലവും പ്രേക്ഷകരെ ഭയത്തിന്‍റെയും ഉദ്യോഗത്തിന്‍റെയും മുൾമുനയിൽ പിടിച്ചിരുത്തും എന്നതിൽ സംശയം വേണ്ട.
ദുരാത്മാക്കളുടെ ലോകത്തേക്ക് യാത്ര ചെയ്യേണ്ടി വരികയും രക്തരക്ഷസ്സു കളുടെ പിടിയിൽ അകപ്പെട്ട് അവരിൽ ഒരു അംഗമായി മാറാതിരിക്കാൻ ഉള്ള കഥാപാത്രങ്ങളുടെ തത്രപ്പാടിനെയും ഭീതിയുടെയും ആകാംക്ഷയുടെയും പശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് ആസ്വദിക്കാം.
മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും അധികം വി എഫ് എക്‌സ് രംഗങ്ങൾ ഉപയോഗപ്പെടുത്തി എന്നുള്ളത് ഹ്രസ്വചിത്രത്തിന്‍റെ പ്രത്യേകതയാണ്. ജൂൺ 22ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനോടകം പുറത്തിറങ്ങി. "ടീസർ ഞങ്ങളുടെ കലാസൃഷ്‌ടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനുള്ള ഒരു ഉപാധി മാത്രമാണ്. യഥാർഥ പൂരം ജൂൺ 22ന് ആസ്വദിക്കാം എന്നായിരുന്നു സംവിധായകൻ സുസാദ് സുധാകർ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. പ്രൊഡക്ഷൻ കമ്പനിയായ ബ്ലോക്ക് ബസ്റ്റർ ഫിലിംസിന്‍റെ യൂട്യൂബ് സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് '13' പ്രേക്ഷകരിലേക്ക് എത്തുക.
നിരവധി വെബ് സീരീസുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിത താരങ്ങളായ ഷാരിക്, അമ്പുയോഗി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ മിതു വിജിലാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമപ്രവർത്തകനായ ചന്ദ്രശേഖർ, ശ്രീ, പ്രേംജിത, അനുലാൽ, സുധീഷ് ബാബു, റാണിഷ് റെജി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകന്‍റെ കഥയ്ക്ക് തിരക്കഥ സംഭാഷണം ഒരുക്കിയത് അഖിൽ വിനായകാണ്. ഗാനരചനയും തിരക്കഥാകൃത്തിന്‍റേതു തന്നെ.
ഹൊറർ പശ്ചാത്തലം ആയതുകൊണ്ട് തന്നെ മേക്കപ്പിന് വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. അനുയോജ്യമായ രീതിയിൽ മേക്കപ്പ് ഒരുക്കിയത് ഹർഷദ് മലയിലാണ്. ദി ലാസ്റ്റ് മിനിറ്റ് പ്രൊഡക്ഷൻസ് ആൻഡ് സ്റ്റോറി റീൽസ് മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥാപശ്ചാത്തലം പൂർണമായും പ്രേക്ഷകരിലേക്ക് എത്തുന്ന തരത്തിൽ ഉൾക്കിടിലം കൊള്ളിക്കുന്ന രംഗങ്ങൾ പകർത്തിയ ഛായാഗ്രഹകൻ വിവേക് വിജയൻ ആണ്. സംഗീത സംവിധാനം വിഷ്‌ണു രാജശേഖരനും, എഡിറ്റിങ് ഫിൻ ജോർജ് വർഗീസുമാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്. ഷെഫിൻ മായൻ (സൗണ്ട് ഡിസൈനർ) , ശ്രീജിത്ത് കലയരസ്(വിഎഫ്എക്‌സ്) തുടങ്ങിയവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. കളമശ്ശേരി, എടപ്പാൾ, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. 9 ദിവസം നീണ്ട ഷെഡ്യൂളിലാണ് ഹ്രസ്വചിത്രം പൂർത്തിയായത്.
ALSO READ: ദര്‍ശനയും റോഷനും ഒന്നിക്കുന്ന 'പാരഡൈസ്': ശ്രദ്ധേയമായി 'അകലെയായി' ഗാനം