എറണാകുളം : ദിലീപ് നായകനായി എത്തിയ തങ്കമണി എന്ന സിനിമ കണ്ടിട്ടില്ലെങ്കിൽ ചരിത്രത്തോടുള്ള മുഖം തിരിക്കലാകുമെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. രതീഷ് രഘുനന്ദന്‍റെ സംവിധാനം ചെയ്ത തങ്കമണി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്‌ത സന്തോഷ് കീഴാറ്റൂർ തങ്കമണിയെക്കുറിച്ച് ഇടിവി ഭാരതിനോട് മനസ് തുറന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് തനിക്ക് ചിത്രത്തിലെന്നും, തങ്കമണി എന്ന സ്ഥലത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ യഥാർഥ സംഭവവികാസങ്ങളോട് ചേർന്നുനിൽക്കുന്ന കഥാപാത്രമല്ല തന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍റെ വേഷമാണ് താൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പ്രണിത സുഭാഷിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥ സംഘത്തിലെ പ്രധാനിയായാണ് താൻ എത്തുന്നത്. വർത്തമാനകാലത്ത് നടക്കുന്ന ഒരു അന്വേഷണ പരമ്പരയിലൂടെയാണ് തങ്കമണി സംഭവത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
അടുപ്പിച്ച് നടക്കുന്ന ഒന്ന് രണ്ട് കൊലപാതകങ്ങൾ ആ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് തങ്കമണിയിലേക്ക്. അതാണ് കഥാതന്തു. ഉടലെന്ന ചിത്രം കണ്ടതിനുശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി രതീഷ് മാറി. മികച്ച രീതിയിൽ ആശയങ്ങൾ വ്യക്തതയോടുകൂടി കൈമാറാൻ കഴിവുള്ള ഒരു സംവിധായകനാണ് രതീഷ് എന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സ്‌കൂൾ കാലങ്ങളിൽ ആദ്യമായി ഒരു ചുമരെഴുത്ത് കാണുന്നത് തങ്കമണി സംഭവത്തെ ആസ്‌പദമാക്കിയാണ്. നേരിന്‍റെ രാഷ്ട്രീയപക്ഷമുള്ള ആളാണ് താൻ. തന്‍റെ രാഷ്ട്രീയം എവിടെയും തുറന്നു പറയുന്നതിൽ എനിക്കൊരു മടിയുമില്ല. തങ്കമണി സംഭവത്തിനെതിരെ ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയമായി, മാനുഷികമായി പ്രതികരിച്ച ഒരാളാണ് താൻ.
തങ്കമണി സംഭവത്തെ തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ മന്ത്രി കസേര പോയതുവരെ നമുക്ക് അറിയാവുന്നതാണ്. അന്നത്തെ രാഷ്ട്രീയ അരാജകത്വത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധം നടത്തിയതൊക്കെ ഓർമ്മയിൽ നിൽക്കുന്നു. സ്ത്രീകൾ ഏതു വിധത്തിൽ തങ്കമണി സംഭവം നേരിട്ടു എന്നുള്ളതാണ് ചിത്രത്തിന്‍റെ സാരാംശം. ചിത്രത്തിന് ഒരു രാഷ്ട്രീയ പക്ഷത്തിന്‍റെയും അടിസ്ഥാനമില്ല. ചിത്രം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.