ചെന്നൈ: തന്‍റെ പാര്‍ട്ടി പതാക അനാച്ഛാദനം ചെയ്‌ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്. ഇന്ന് രാവിലെ 9.15നാണ് പനയൂരിലെ പാർട്ടി ഓഫീസില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി പതാക അനാച്ഛാദനവും പാര്‍ട്ടി ഗാന അവതരണവും നടന്നത്. വിജയുടെ അമ്മ ശോഭ, അച്ഛൻ ചന്ദ്രശേഖർ എന്നിവര്‍ ഉള്‍പ്പെടെ 300ല്‍ അധികം പേർ ചടങ്ങിൽ പങ്കെടുത്തു.
പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്യുന്നതിനിടെ വിജയ്, തന്‍റെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രതിജ്ഞയെടുത്തു. പാർട്ടിയുടെ പ്രധാന അജണ്ടകളിലൊന്നായ തുല്യത ആവർത്തിച്ച് വിജയ് പ്രതിജ്ഞ എടുത്തു.
'നമ്മുടെ രാജ്യത്തിന്‍റെ വിമോചനത്തിനായി ജീവൻ ബലി അർപ്പിച്ച പോരാളികളെയും, തമിഴ് മണ്ണിൽ നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എന്നും അഭിനന്ദിക്കും... ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കും, എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും, എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.' - ഇപ്രകാരമായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തന്‍റെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. സെപ്‌റ്റംബർ 5 ന് റിലീസാകുന്ന തന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രം 'ഗോട്ടി'ന് ശേഷം താന്‍ സിനിമയിൽ നിന്നും വിരമിക്കുമെന്ന് വിജയ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടി ഒരു രാഷ്ട്രീയ സഘ്യത്തെയും പിന്തുണച്ചില്ല. അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളെ മാറ്റിമറിക്കും.
ഒരു സൂപ്പർ സ്‌റ്റാര്‍ എന്ന നിലയില്‍ വിജയ്‌യുടെ ഫാൻസ് ക്ലബ്ബായ 'വിജയ് മക്കൾ ഇയ്യക്ക'ത്തില്‍ 10 ലക്ഷം അംഗങ്ങളുണ്ട്. ബാലതാരമായി സിനിമയിലെത്തിയ താരം 'നാളയ്യ തീർപ്പ്' (1992) എന്ന ചിത്രത്തിലൂടെ നായക നടനായി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തിന് ഫാൻസ് ക്ലബ് സ്ഥാപിതമായത്. ഇപ്പോഴിത് 'ഓൾ ഇന്ത്യ തലപതി വിജയ് മക്കൾ ഇയ്യക്കം' (AITVMI) ആയി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, എഐടിവിഎംഐ 169 സീറ്റുകളിൽ മത്സരിക്കുകയും 115 സീറ്റുകൾ നേടുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എംഎൻഎം), സീമാന്‍റെ നാം തമിഴർ കച്ചി (എൻടികെ) എന്നിവയെ വിജയുടെ ഫാൻസ് ക്ലബ് പിന്തള്ളിയിരുന്നു. അതേസമയം ശിവാജി ഗണേശൻ, വിജയകാന്ത്, കമൽഹാസൻ തുടങ്ങിയ നടന്മാർ അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിജയിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴകത്തെ ഇതിഹാസ താരം രജനികാന്ത് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി പിന്നീട് പിന്‍മാറിയിരുന്നു.