തമിഴിൽ അടുത്തിടെ ഇറങ്ങിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'ലവർ'. പ്രഭുറാം വ്യാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മണികണ്‌ഠനും ശ്രീ ഗൗരി പ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ലവർ' ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റൊമാന്‍റിക് ഡ്രാമയായി അണിയിച്ചൊരുക്കിയ 'ലവർ' സ്‌ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും. ഫെബ്രുവരി 9 ന് ആയിരുന്നു 'ലവർ' തിയേറ്ററുകളിൽ റിലീസിനെത്തിയത്.
ബോക്‌സ് ഓഫിസില്‍ ഈയടുത്ത കാലത്ത് വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയ്‌ക്ക് നേരിയ ആശ്വാസം പകരാൻ ഈ സിനിമയ്‌ക്കായി. ശക്തി ഫിലിം ഫാക്റ്ററി വിതരണത്തിനെത്തിച്ച ഈ ചിത്രം മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്‍റർടെയിൻമെന്‍റ് എന്നീ ബാനറുകളില്‍ യുവരാജ് ഗണേശന്‍, മഗേഷ് രാജ് പസിലിയന്‍, നസെറത്ത് പസിലിയന്‍ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചത്. കണ്ണ രവി, ഹരീഷ് കുമാര്‍, ശരവണന്‍, ഗീത കൈലാസം, നിഖില ശങ്കര്‍, ഹരിണി, പിന്‍റു പാണ്ഡു, അരുണാചലേശ്വരന്‍ തുടങ്ങിയവരാണ് 'ലവർ' സിനിമയിൽ മണികണ്‌ഠനും ശ്രീ ഗൗരി പ്രിയയ്‌ക്കും പുറമെ ശ്രദ്ധേയ വേഷങ്ങളിൽ അണിനിരന്നത്.
ശ്രേയസ് കൃഷ്‌ണ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് ഭരത് വിക്രമനാണ്. സീന്‍ റോള്‍ഡനാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഒടിടിയില്‍ ലവർ കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും നിർമാതാക്കളുടെയും പ്രതീക്ഷ.