പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞ് ഹിറ്റ് ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെ പ്രഥമ സംവിധാന സംരംഭമായ സീക്രട്ടിന്‍റെ പ്രത്യേക പ്രദർശനം ചെന്നൈ പ്രസാദ് ലാബ് തിയേറ്ററിൽ നടന്നു. തമിഴ്‌നാട്ടിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്‌മയുടെയും തമിഴ്‌നാട് ഡയറക്‌ടേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് അസോസിയേഷന്‍റെയും നേതൃത്വത്തിൽ നടന്ന സീക്രട്ടിന്‍റെ പ്രദർശനം കാണാൻ മുൻനിര സിനിമാ പ്രവർത്തകർ എത്തിച്ചേർന്നു.
സംവിധായകരായ പ്രിയദർശൻ, പേരരശ്, ബാലശേഖരൻ, ശരവണ സുബ്ബയാ, ഗണേഷ് ബാബു, ചിത്ര ലക്ഷ്‌മണൻ, ടി കെ ഷണ്മുഖ സുന്ദരം, സായി രമണി, അഭിനേതാക്കളായ രവി മറിയ, തമ്പി രാമയ്യ, തലൈവാസൽ വിജയ്, തിരക്കഥാകൃത്തുക്കളായ വി പ്രഭാകർ, അജയൻ ബാല തുടങ്ങി നിരവധിപേർ പ്രദർശനം കാണാനെത്തി.
പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള ഘടകങ്ങൾ സിനിമയുടെ പ്ലസ് പോയിന്‍റ് ആണെന്നും, അടുത്തിടെ റിലീസ് ചെയ്‌ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രം വേറിട്ട് നിൽക്കുന്നുവെന്നും ക്ഷണിതാക്കൾ പ്രദർശനത്തിന് ശേഷം അഭിപ്രായപ്പെട്ടു. മികച്ച അഭിപ്രായ പ്രകടനങ്ങളാണ് പ്രിവ്യൂന് ശേഷം തമിഴ് സിനിമാ ലോകം നൽകിയത്. പ്രദർശന ശേഷം എസ്എൻ സ്വാമിയെ തമിഴ് സിനിമാ ലോകം ആദരിച്ചു.
ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ട് ജൂലൈ 26 നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, അപർണദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയാണ്. പിആർഓ പ്രതീഷ് ശേഖർ.
ALSO READ: ഫണ്‍ എന്‍റര്‍ടെയ്‌നറായി 'അഡിയോസ് അമിഗോ'; ഒഫിഷ്യൽ ട്രെയിലർ പുറത്ത്