ഹൈദരാബാദ്: തമിഴ് നടന്‍ വിജയ് ദളപതിയുടെ 50ആം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി തമിഴകം. നാളെ (ജൂൺ 22) ദളപതിയുടെ ഗോള്‍ഡന്‍ എറയ്‌ക്ക് തുടക്കമിടുമ്പോള്‍ ബഹുമാനാർഥം ആരാധകർ അതിഗംഭീര ആഘോഷങ്ങൾക്കാണ് ഒരുങ്ങുന്നത്. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളില്ലെന്നാണ് താരം പറഞ്ഞത്. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്‌ക്കാന്‍ കാരണം. എന്നാല്‍ ജന്മദിനത്തിന് മുന്നോടിയായി വരാനിരിക്കുന്ന ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)'ന്‍റെ അപ്‌ഡേറ്റിനെക്കുറിച്ചുള്ള സൂചനകളും പുറത്തുവന്നു.
ഗോട്ടിൻ്റെ നിർമ്മാതാക്കളിലൊരാളായ അർച്ചന കൽപാത്തിയാണ് ചിത്രത്തിന്‍റെ വരാനിരിക്കുന്ന അപ്‌ഡേറ്റിനെക്കുറിച്ച് സൂചന നല്‍കിയത്. 'കാത്തിരിപ്പിന് തുടക്കം, ആദ്യ അപ്‌ഡേറ്റ് ഉച്ചയ്ക്ക്' എന്നായിരുന്നു എക്‌സിലൂടെ പങ്കുവച്ചത്. പോസ്റ്റിന് പിന്‍തുണയേകി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നാണ് വിവരം. ചിത്രത്തിലെ 'വിസിൽ പോട്' എന്ന ഗാനം നിർമാതാക്കൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ആദ്യ ഗാനമായ വിസില്‍ പോട് ഓൺലൈനിൽ ട്രന്‍ഡിങ് ആയി. രണ്ടാമത്തെ പാട്ട് ജൂണിൽ പുറത്തിറക്കുമെന്ന് വെങ്കട്ട് പ്രഭു സൂചന നൽകിയിരുന്നു.
പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ എന്നിവരുൾപ്പെടെ വന്‍ താരനിരയുടെ പിന്തുണയോടെ എത്തുന്ന ഗോട്ടില്‍ വിജയ്‌ക്കൊപ്പം മീനാക്ഷി ചൗധരിയും വേഷമിടുന്നുണ്ട്. സെപ്‌റ്റംബർ 5ന് ബഹുഭാഷ റിലീസ് പ്ലാൻ ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ നിർമാണം എജിഎസ് എൻ്റർടൈയ്‌ൻമെൻ്റാണ് നിര്‍വഹിക്കുന്നത്.
അതേസമയം മുഴുവൻ സമയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന വിജയ് അടുത്തിടെ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ നടന്ന ദാരുണമായ വ്യാജ മദ്യ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ചു. സംഭവത്തില്‍ 38 ജീവനുകളാണ് പൊലിഞ്ഞത്. തമിഴ്‌നാട് സർക്കാരിന്‍റെ അവഗണനയെ വിമർശിച്ച് ദുരിത ബാധിതരായ കുടുംബങ്ങൾക്ക് ആശ്വാസവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് പ്രതീക്ഷയും നൽകിയായിരുന്നു താരത്തിന്‍റെ മടക്കം.