ചെന്നെ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച (മാര്‍ച്ച് 29) രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് താരത്തെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തമിഴ് സിനിമ ലോകത്തേയും ആരാധകരേയും ഏറെ ഞെട്ടിച്ചാണ് ഡാനിയല്‍ ബാലാജിയുടെ വിയോഗ വാര്‍ത്തയെത്തുന്നത്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും ഡാനിയൽ ബാലാജി അഭിനയിച്ചിട്ടുണ്ട്.
ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിൽ ഡാനിയൽ ബാലാജി ശ്രദ്ധ നേടിയത്. ടെലിവിഷൻ സീരിയലായ ചിത്തിയിലെ വേഷത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് 2002ലെ തമിഴ് റൊമാൻ്റിക്ക് ചിത്രമായ 'ഏപ്രിൽ മഠ' ത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
കമൽ ഹാസന്‍റെ പൂർത്തിയാകാത്ത ഇന്ത്യൻ ചരിത്രത്തെ ആസ്‌പദമാക്കിയുള്ള ചിത്രം 'മരുതനായക'ത്തിന്‍റെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായി ഡാനിയൽ ബാലാജി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ജിവിഎമ്മുമായി രണ്ടാം തവണയും സഹകരിച്ച് കമൽഹാസൻ നായകനായ 'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിലെ പ്രതിനായകനായ അമുദനെയും അദ്ദേഹം അവതരിപ്പിച്ചു. മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച ബാലാജി, മോഹൻലാലിന്‍റെ ഭഗവാൻ, മമ്മൂട്ടിയുടെ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളില്‍ എത്തിയിരുന്നു.
കരിയറിൽ ഉടനീളം അവിസ്‌മരണീയമായ പ്രകടനങ്ങൾ കാഴ്‌ചവച്ച ഡാനിയൽ ബാലാജിയ്‌ക്ക് മലയാളി ആരാധകരും ഏറെയാണ്. സൂര്യ പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായ 'കാഖ കാഖ'യിലെ അന്വേഷണ ഉദ്യോഗസ്ഥൻ, ധനുഷിന്‍റെ ആക്ഷൻ ചിത്രം 'വട ചെന്നൈ'യിലെ ഗ്യാങ്‌സ്‌റ്റർ ഭാസ്‌കരൻ, വെങ്കിടേഷിന്‍റെ തെലുഗു ആക്ഷൻ ത്രില്ലർ 'ഘർഷണ'യിലെ പൊലീസ് ഓഫിസർ തുടങ്ങിയ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയത്തിനപ്പുറം ആവഡിയിലെ ഒരു ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഭക്തനായ വ്യക്തിയായിട്ടാണ് ബാലാജി അറിയപ്പെട്ടിരുന്നത്. സംസ്‌കാരം ഇന്ന് (മാര്‍ച്ച് 30) പുരസൈവാൾകത്തെ ഡാനിയലിന്‍റെ വസതിയില്‍ വച്ച് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും സിനിമാലോകവും അനുശോചനം രേഖപ്പെടുത്തി.
ALSO READ : ആ ചിരി മറഞ്ഞിട്ട് ഒരാണ്ട്; ഇന്നസെന്‍റോർമകളിൽ മലയാളക്കര - Remembering Innocent