വൻ ഹൈപ്പില്‍ എത്തിയ സൂര്യ നായകനായ ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്‌ത ചിത്രത്തിന് വൻ പ്രീ റീലിസ് കളക്ഷനാണ് ലഭിച്ചത്. സൂര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് കങ്കുവ. ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് കങ്കുവ തിയേറ്ററുകളില്‍ എത്തിയത്. ടീസറും ട്രെയിലറും വൻ പ്രതീക്ഷകളാണ് സൃഷ്‌ടിച്ചിരുന്നതെങ്കില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപ്പണിംഗ് ബോക്‌സ് ഓഫീസ് കളക്ഷനാണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം നാല് കോടിയിലധികം രൂപ നേടി എന്നാണ് സാക്നില്‍ക് അനലിസ്‌റ്റിന്‍റെ റിപ്പോര്‍ട്ട്. 350 രൂപ ബഡ്‌ജറ്റില്‍ ഒരുക്കിയ ഈ ചിത്രം തിയേറ്ററില്‍ പാളിയോ എന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ 30-40 ശതമാനം ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തി.
അതേസമയം സൂര്യയുടെ കരിയറിലെ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് കങ്കുവ സ്വന്തമാക്കി. സൂര്യയുടെ അവസാന തിയേറ്ററിൽ റിലീസ് ചെയ്‌ത‘എതിരും വടിന്ദവൻ’ ഇന്ത്യയിൽ ആദ്യ ദിനം 11 കോടി രൂപയാണ് കളക്ഷൻ നേടിയത്. കങ്കുവ അതിനേക്കാൾ ഇരട്ടി കളക്ഷൻ നേടിയിട്ടുണ്ട്. അതുപോലെ തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം 'അമരന്‍റെ' ഓപ്പണിംഗ് ഡേ കളക്ഷൻ തകർത്തിരിക്കുകയാണ് കങ്കുവ. ഫാന്‍റസി ആക്ഷന്‍ ചിത്രമായ കങ്കുവയ്ക്ക് മികച്ച അഡ്വാന്‍സ് കളക്ഷനാണ് ലഭിച്ചിരുന്നത്.
17 കോടി രൂപയാണ് അമരൻ ആദ്യ ദിനം നേടിയത്. അതിലും അൽപം കൂടുതലാണ് കങ്കുവയുടെ കളക്ഷൻ . കൂടാതെ, ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ 22 കോടിയുമായി തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് കങ്കുവ. വിജയ് ചിത്രം ദി ഗോട്ടിന് ആദ്യദിനത്തില്‍ 39.15 കോടി രൂപ ആഗോളതലത്തില്‍ നേടിയിരുന്നു. 27.75 കോടിയുമായി വേട്ടയ്യനാണ് രണ്ടാമത്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മികച്ച 10 കോളിവുഡ് സിനിമകൾ (ഓപ്പണിംഗ് ഡേ കളക്ഷൻ) 2024:
- ദി ഗോട്ട് - 39.15 കോടി
- വേട്ടയ്യൻ - 27.75 കോടി
- കങ്കുവ - 22 കോടി രൂപ (ആദ്യ കണക്കുകൾ)
- അമരൻ - 17 കോടി രൂപ
- ഇന്ത്യൻ 2 - 16.5 കോടി രൂപ
- തങ്കലാൻ - 12.4 കോടി രൂപ
- രായൺ - 11.85 കോടി രൂപ
- ക്യാപ്റ്റൻ മില്ലർ - 8.05 കോടി
- കൽക്കി 2898 എഡി 4.5 കോടി രൂപ
- അരന്മനൈ 4.15 കോടി
Also Read:കങ്കുവ റിലീസായി മണിക്കൂറുകള്‍ക്കകം ഹൈ ക്വാളിറ്റി വ്യാജന്‍ പുറത്ത്