ഏറെ പ്രശംസ പിടിച്ചുപറ്റിയ വില്ലന്‍ കഥാപാത്രമാണ് 'വിക്രം' സിനിമയിലെ റോളക്‌സ്. കമല്‍ ഹാസന്‍ ചിത്രം 'വിക്ര'ത്തില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രത്തിന്‍റെ ഗെറ്റപ്പും ഡയലോഗുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. റോളക്‌സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം വരുമെന്ന് അടുത്തിടെ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു.
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഇനി വരാനിരിക്കുന്ന പല ചിത്രങ്ങളിലും റോളക്‌സ് ഉണ്ടാകും. ക്രൂരനായ റോളക്‌സിന്‍റെ കഥാപാത്രം ഏതെങ്കിലും ഒരു ചിത്രത്തിൽ നന്‍മയുടെ പ്രതീകമാകുമെന്ന് കരുതുന്നില്ല. റോളക്‌സിനെ നന്‍മ ചെയ്യാൻ ലോകേഷ് കനകരാജ് ഒരിക്കലും സമ്മതിക്കുകയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ.
'കങ്കുവ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ റോളക്‌സിനെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. റോളക്‌സിന്‍റെ പ്രവർത്തികളെ വിശുദ്ധീകരിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണെന്ന് സൂര്യ പറഞ്ഞു.
"റോളക്‌സ് എന്ന കഥാപാത്രത്തിന് ഏതെങ്കിലും തരത്തിലുള്ള നന്‍മ ഉണ്ടാവുകയാണെങ്കിൽ ആ കഥാപാത്രത്തിന് ആരാധകര്‍ ഏറും. റോളക്‌സ് ഒരു നെഗറ്റീവ് കഥാപാത്രമാണ്. അയാളെ തികഞ്ഞ ഒരു വില്ലൻ സ്വഭാവമുള്ള നായകനായി മാത്രമെ ലോകേഷ് ട്രീറ്റ് ചെയ്യുകയുള്ളൂ.
റോളക്‌സിന്‍റെ പ്രവർത്തികളെ സിനിമയിൽ ന്യായീകരിക്കുകയാണെങ്കിൽ അത് സമൂഹത്തോട് ചെയ്യുന്ന വലിയ നീതികേട് ആകും. നിങ്ങളെപ്പോലെ തന്നെ റോളക്‌സിനെ നായകനാക്കിയുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും. അത് സംഭവിക്കും എന്നുള്ള പ്രതീക്ഷയിലാണ്."-സൂര്യ പറഞ്ഞു.
ലോകേഷ് സംവിധാനം ചെയ്യുന്ന കാർത്തി ചിത്രം 'കൈതി 2'ൽ റോളക്‌സിന്‍റെ കഥാപാത്രം ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് റോളക്‌സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ലോകേഷ് കനകരാജ് രംഗത്തെത്തിയത്.