'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'കനകം കാമിനി കലഹം', 'ന്നാ താൻ കേസ് കൊട്' എന്നീ ചിത്രങ്ങൾ ഒരുക്കിയ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്‍റെ സംവിധാനത്തിൽ എത്തുന്ന പുതിയ സിനിമയാണ് 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ഈ ചിത്രത്തിന്‍റെ പുതിയ വിശേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്‌ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ സെറ്റ് ചെയ്‌തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏതായാലും വേറിട്ട പ്രൊമോഷൻ രീതി ജനശ്രദ്ധ നേടുകയാണ്. നിരവധി സിനിമാപ്രേമികളാണ് സെൽഫിയെടുക്കാൻ സെൽഫി ബൂത്തിലെത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മെയ് 16ന് 'ഹൃദയഹാരിയായ പ്രണയകഥ' തിയേറ്ററുകളിലേക്ക് എത്തും.
പ്രഖ്യാപന സമയം മുതൽ ഏവരും കൗതുകപൂർവമാണ് 'സുരേശന്‍റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യ്‌ക്കായി കാത്തിരിക്കുന്നത്. സിനിമയുടെ വേറിട്ട രീതിയിലുള്ള ഫസറ്റ് ലുക്ക് പോസ്‌റ്ററും ഗാനങ്ങളും മറ്റ് പോസ്‌റ്ററുകളുമെല്ലാം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്‌ത 'ന്നാ താൻ കേസ് കൊട്' ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയിരുന്നു. ഈ സിനിമയിലെ ശ്രദ്ധേയ കഥപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ഇവരുടെ കഥയാണ് രതീഷ് ബാലകൃഷ്‌ണൻ തന്‍റെ പുതിയ സിനിമയിലൂടെ പറയുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്.
'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിൽ ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 'നാടാകെ നാടകം' എന്ന ഗാനത്തിലും ഇത്തരത്തിലുള്ള അവതരണം കാണാൻ കഴിയും. സിൽവർ ബേ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്ന് വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായാണ് നടന്നത്. നൂറു ദിവസത്തിലേറെയാണ് ചിത്രീകരണം നടന്നത്.
സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവർ ഈ ചിത്രത്തിന്‍റെ സഹ നിർമാതാക്കളാണ്. മനു ടോമി, രാഹുൽ നായർ എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സബിൻ ഊരാളുക്കണ്ടിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് ആകാശ് തോമസും കൈകാര്യം ചെയ്യുന്നു. കെ കെ മുരളീധരനാണ് ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
Also Read: