ബോളിവുഡ് താരം സണ്ണി ഡിയോൾ നായകനായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. 2023ലെ ബ്ലോക്ക് ബസ്റ്റർ ചിത്രം 'ഗദർ 2'വിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. 'എസ്‌ഡിജിഎം' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുമായാണ് സണ്ണി ഡിയോൾ എത്തുന്നത്.
'ഗദർ 2'വിലൂടെ തന്‍റെ ആക്ഷൻ ഹീറോ ഇമേജ് വീണ്ടും തിരികെ പിടിച്ചിരിക്കുകയാണ് സണ്ണി ഡിയോൾ. പുതിയ ചിത്രവും ആക്ഷന് ഏറെ പ്രധാന്യം നൽകിക്കൊണ്ടാണ് ഒരുങ്ങുന്നതെന്നാണ് വിവരം. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയിൽ 100-ാമത്തെ സിനിമ എന്ന ലക്ഷ്യത്തിലേക്കും 'എസ്‌ഡിജിഎമ്മിലൂടെ സണ്ണി ഡിയോൾ എത്തിയിരിക്കുന്നു.
'ക്രാക്ക്', 'വീരസിംഹ റെഡ്ഡി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച ഗോപിചന്ദ് മാലിനേനിയാണ് ഈ ആക്ഷൻ എന്‍റർടെയിനർ ചിത്രത്തിന്‍റെ സംവിധായകൻ. ഇദ്ദേഹത്തിന്‍റെ കന്നി ഹിന്ദി സിനിമയാണിത്. മൈത്രി മുവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്‌ടറി എന്നീ ബാനറുകളിൽ നവീൻ യേർനേനി, വൈ രവി ശങ്കർ, ടി ജി വിശ്വപ്രസാദ് എന്നിവർ ചേർന്നാണ് 'എസ്‌ഡിജിഎം' നിർമിക്കുന്നത്. സിനിമയുടെ ലോഞ്ച് ഹൈദരാബാദിൽ നടന്നു. ജൂൺ 22 മുതൽ ഷൂട്ടിങ് ആരംഭിക്കും.
ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാകും സംവിധായകൻ നായകനെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുക. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ അണിയറയിൽ മികച്ച സാങ്കേതിക വിദഗ്‌ധരാണ് പ്രവർത്തിക്കുക.
തമൻ എസ് ആണ് സംഗീത സംവിധാനം. ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി) എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ സിനിമയുടെ സിഇഒ ചെറിയാണ്. ഛായാഗ്രഹണം ഋഷി പഞ്ചാബിയും ചിത്രസംയോജനം നവീൻ നൂലിയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ : അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ : അനൽ അരസു, രാം ലക്ഷ്‌മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, പിആർഒ : ശബരി.
ALSO READ: കറുപ്പില്‍ തിളങ്ങി ദീപികയും രൺവീറും; മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം വൈറല്‍